മയക്കുമരുന്ന് പിടികൂടിയ സംഭവം: എന്‍സിബി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണം
Tuesday, May 23, 2023 12:17 AM IST
കൊച്ചി: പുറംകടലില്‍നിന്ന് 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കേന്ദ്ര നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക് (എന്‍സിബി ) കോടതി നിര്‍ദേശം.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ എവിടെനിന്നാണു പാക് പൗരനെ പിടികൂടിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. പ്രതിയുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് നാളെ വീണ്ടും പരിഗണിക്കും. നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
മൂവായിരം കിലോയോളം തൂക്കമുള്ള മെത്താംഫിറ്റമിനാണ് നാവികസേനയുടെ സഹായത്തോടെ കഴിഞ്ഞ 13ന് കേന്ദ്ര നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാക് പൗരനായ സുബൈറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടു എന്‍സിബി നല്കിയ അപേക്ഷയാണു എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിച്ചത്.