സ്പോർട്സ് കൗണ്‍സിലുകളുടെ ചേരിപ്പോരിൽ വലഞ്ഞ് കുട്ടികൾ; കാത്തുനിന്നത് നാലു മണിക്കൂർ
Tuesday, May 23, 2023 12:17 AM IST
കൊച്ചി: സംസ്ഥാന, ജില്ലാ സ്പോർട്സ് കൗണ്‍സിലുകളുടെ ശീത യുദ്ധം മറനീക്കി പുറത്തേക്ക്. ഇതേത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 17 സെലക്ഷന് ട്രയല്‍സിന് കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് ഗ്രൗണ്ടിനു പുറത്തെ ഗേറ്റിനു മുന്നില്‍ കാത്തുനില്‍ക്കേണ്ടി വന്നത് നാലു മണിക്കൂര്‍.
എറണാകുളം പനമ്പിള്ളിനഗറിലെ സ്പോര്‍ട്സ് അക്കാഡമി ഗ്രൗണ്ടില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. സെലക്ഷന് ട്രയല്‍സ് നടത്തുന്നതിന് മുന്‍കൂട്ടി അറിയിപ്പ് വാങ്ങിയില്ലെന്നും കേരള ബ്ലാസ്റ്റേഴ്സ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് എട്ടു മാസത്തെ വാടകയിനത്തില്‍ എട്ടു ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടി സ്കൂളിന്റെ ഗേറ്റ് തുറക്കാന്‍ ജില്ലാ സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി. ശ്രീനിജന് വിസമ്മതിച്ചതോടെയാണു താരങ്ങളും രക്ഷിതാക്കളും വലഞ്ഞത്. എംഎല്‍എയുടെ നടപടി വിവാദമായതോടെ കായികമന്ത്രിയടക്കം വിഷയത്തില്‍ ഇടപെട്ടു.
ബ്ലാസ്റ്റേഴ്സ് കുടിശിക നല്‍കാനില്ലെന്ന പ്രതികരണവുമായി സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലിയും രംഗത്തെത്തി. ഒടുവില്‍ ഗേറ്റ് തുറന്ന് സെലക്ഷന് ട്രയല്‍സ് ആരംഭിച്ചതോടെ പ്രശ്നപരിഹാരമായെങ്കിലും സംസ്ഥാന, ജില്ലാ സ്പോർട്സ് കൗണ്‍സിലുകള്‍ തമ്മിലുള്ള വാക്പോര് തുടര്‍ന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്നു മുതല്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നായി നൂറോളം കുട്ടികളാണ് സെലക്ഷന് ട്രയല്‍സില്‍ പങ്കെടുക്കാന്‍ എത്തിയത്. ഈ സമയം ഗ്രൗണ്ടിലേക്കുള്ള പ്രധാന ഗേറ്റ് ഉള്‍പ്പെടെ എല്ലാ പ്രവേശന കവാടങ്ങളും പൂട്ടിയ നിലയിലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരോട് ഗേറ്റ് തുറക്കാന്‍ കുട്ടികളും രക്ഷിതാക്കളും ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. ഗേറ്റ് തുറന്നു കൊടുക്കേണ്ടെന്ന പി.വി. ശ്രീനിജന് എംഎല്‍എയുടെ നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു ഇത്.
രാവിലെ ആറിനു ഗേറ്റ് തുറക്കുമെന്നും ഏഴോടെ ആദ്യ രജിസ്ട്രേഷനും 7.30ന് രണ്ടാംഘട്ട രജിസ്ട്രേഷനും പൂര്‍ത്തിയാക്കുമെന്നായിരുന്നു കുട്ടികള്‍ക്ക് ബ്ലാസ്റ്റേഴ്സ് അധികൃതരില്‍നിന്നു ലഭിച്ച അറിയിപ്പ്. ഇതുപ്രകാരമാണ് പലരും പുലര്‍ച്ചെതന്നെ എത്തിയത്.
ഗേറ്റ് തുറക്കാതായതോടെ ബ്ലാസ്റ്റേഴ്സ് അധികൃതര്‍ വിവരം കായിക മന്ത്രി വി. അബ്ദുൾറഹ്മാനെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഗേറ്റ് തുറക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ഒടുവില്‍ നാലു മണിക്കൂറോളം വൈകി ഗേറ്റ് തുറന്നു. വിവരമറിഞ്ഞ് കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍മാരും സ്ഥലത്തെത്തിയിരുന്നു. ഉച്ചകഴിഞ്ഞാണു സെലക്ഷൻ ട്രയല്‍സ് പൂര്‍ത്തിയാക്കി കുട്ടികള്‍ മടങ്ങിയത്.