ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു : മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി ദർശന രാജേന്ദ്രൻ
Tuesday, May 23, 2023 12:17 AM IST
തിരുവനന്തപുരം: 2022 ലെ ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജീവ്നാഥ് സംവിധാനം ചെയ്ത ഹെഡ്മാസ്റ്റർ, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32-44 വരെ എന്നിവ 2022 ലെ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്കാരം ഇരുവരും പങ്കിടും. ന്നാ താൻ കേസ് കൊട്, പകലും പാതിരാവും എന്നിവയിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബൻ മികച്ച നടനായി. ദർശന രാജേന്ദ്രൻ (ജയ ജയ ജയഹേ, പുരുഷ പ്രേതം) ആണ് മികച്ച നടി.
മഹേഷ് നാരായണൻ ആണ് മികച്ച സംവിധായകൻ (ചിത്രം: അറിയിപ്പ്), ജൂറി ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ, ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി കുമാരനാണ്. റൂബി ജൂബിലി പുരസ്കാരം കമലാഹാസനാണ്.