എല്ലാം പൂർത്തിയായി
Saturday, April 1, 2023 1:39 AM IST
ഫാ. മൈക്കിൾ കാരിമറ്റം
“യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂർത്തിയായി’’(യോഹ 19,30).
എനിക്കു ദാഹിക്കുന്നു എന്ന വിലാപംകേട്ട് അലിവുതോന്നിയ പടയാളി ഹീസോപ്പുതണ്ടിൽവച്ചു നീട്ടിയ നിർപ്പഞ്ഞിയിൽനിന്നു വിനാഗിരി രുചിച്ചതിനുശേഷമാണ്, ഈ തിരുമൊഴി: “എല്ലാം പൂർത്തിയായി’’. പിതാവ് തന്നെ ഏല്പിച്ച ദൗത്യം മുഴുവൻ പൂർത്തിയാക്കിയതിലുള്ള സംതൃപ്തി പ്രകടമാകുന്നതാണ് യേശുവിന്റെ അവസാനത്തെ വാക്കായി യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഗുരുമൊഴി. ഇതു പറഞ്ഞതിനുശേഷം അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു.
എളുപ്പമായിരുന്നില്ല പിതാവ് ഏല്പിച്ച ദൗത്യം. അനേകം പ്രതിസന്ധികൾ, അതിരൂക്ഷമായ പ്രലോഭനങ്ങൾ, അതികഠിനമായ പീഡനങ്ങൾ. ജോർദാനിലെ സ്നാനം മുതൽ കുരിശിലെ മരണംവരെ ചുട്ടുപഴുത്ത കനൽവഴിയിലൂടെ ആയിരുന്നു യേശുവിന്റെ യാത്ര. അപ്പം, അധികാരം, അംഗീകാരം. എല്ലാം വാഗ്ദാനം ചെയ്യുന്ന പൈശാചിക പ്രലോഭനങ്ങളുടെ എളുപ്പവഴികൾ. തന്റെ ദൈവപുത്രസ്ഥാനവും രക്ഷകന്റെ ദൗത്യവും അദ്ഭുതകരമായ അടയാളങ്ങളിലൂടെ തെളിയിക്കാനുള്ള വെല്ലുവിളികൾ. നേതാക്കന്മാരുടെ ശത്രുത, അധികാരികളുടെ ക്രൂരത, സ്വന്തക്കാരുടെ വിശ്വാസരാഹിത്യം, ശിഷ്യന്മാരുടെ ഭീരുത്വം, അധികാരഭ്രമം, അവിശ്വസ്തത. ഇതിനെല്ലാം ഉപരി നിർണായകനിമിഷങ്ങളിൽ പിതാവിന്റെ നിശബ്ദത.
കാനായിൽ തുടങ്ങിയ കുരിശിന്റെ വഴി കാൽവരിയിലാണ് അവസാനിക്കുന്നത്. ഏതു പ്രലോഭനത്തിലും വീഴാതെ, ഏതു സഹനത്തിലും ധൈര്യം നഷ്ടപ്പെടാതെ പിടിച്ചുനിന്നു. പിതാവ് തന്നെ കൈവിട്ടു എന്നു തോന്നിയപ്പോൾ പിതാവിനെ കൈവിടാതെ യേശു പിടിച്ചുനിന്നു. ഒഴിഞ്ഞുമാറണം എന്നു പലപ്പോഴും തോന്നിയതാണ്. സഹനത്തിന്റെ തീവ്രതയിൽ, ഈ പാനപാത്രം മാറ്റിത്തരണമേ എന്നു ചോരവിയർത്തു പ്രാർത്ഥിച്ചു. അപ്പോഴും കൂട്ടിച്ചേർത്തു, എന്റെ ഇഷ്ടമല്ല, നിന്റെ തിരുവിഷ്ടം മാത്രം.
ഈ പ്രലോഭനം യോഹന്നാൻ മറ്റൊരു വിധത്തിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. “ഇപ്പോൾ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്തു പറയേണ്ടു. പിതാവേ ഈ മണിക്കൂറിൽനിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഞാൻ വന്നത്. പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ’’(യോഹ12,27-28). മറുപടി ഉടനെ വന്നു. “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും’’. യേശുവിന്റെ കുരിശുമരണത്തിലൂടെയാണ് ദൈവത്തിന്റെ മഹത്വം ശക്തമായ വിധത്തിൽ പ്രകടമായത്. ഏകജാതനെ നല്കാൻ മാത്രം ലോകത്തെ സ്നേഹിച്ചതിലൂടെ പ്രകടമായ മഹത്വം.
സന്തോഷത്തോടെ, സംതൃപ്തിയോടെ യേശു പിതാവിന്റെ കരങ്ങളിൽ സ്വന്തം ജീവൻ സമർപ്പിച്ചു. എല്ലാവരുടെയും രക്ഷയുടെ അടിസ്ഥാനമാണ് ഈ അനുസരണവും സമർപ്പണവും. മരണം അവസാനമല്ല. പിതൃഭവനത്തിൽ, പിതൃഹൃദയത്തിൽ, പ്രവേശിച്ച് എന്നേക്കും ജീവിക്കുന്നതിന്റെ തുടക്കമാണത്. അതിന് ആവശ്യം ഒന്നുമാത്രം. പിതാവ് ഏല്പിച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കുക. പ്രലോഭനങ്ങളിൽപ്പെട്ട് വഴിതെറ്റാതിരിക്കുക. അതിനുള്ള ശക്തിയാർജിക്കാൻ നോന്പുകാലം സഹായിക്കണം. യേശുവിന്റെ മാതൃകയും ആത്മാവിന്റെ ശക്തിയും സഹായത്തിനുണ്ട്. മറക്കാതിരിക്കാം.