കൊച്ചിയിൽ ആഡംബര ഹോട്ടലില്‍ കോടികളുടെ മയക്കുമരുന്നുവേട്ട
Friday, March 31, 2023 1:23 AM IST
കൊച്ചി: കോടികൾ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ആഡംബര ഹോട്ടലിൽനിന്ന് നാലു യുവാക്കളെ പിടികൂടി.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള എസ്ആര്‍എം റോഡിലെ ആഡംബര ഹോട്ടലില്‍നിന്നാണ് എംഡിഎംഎയുമായി വൈപ്പിന്‍ മുരിക്കുംപാടം അഴിക്കല്‍ തൈവേലിക്കകത്ത് വിനീഷ് നായര്‍ (26), ഏലൂര്‍ നോര്‍ത്ത് ഉദ്യോഗമണ്ഡല്‍ പെരുമ്പടപ്പില്‍ വീട്ടില്‍ വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡല്‍ ഫാക്ട് ടൗണ്‍ഷിപ്പ് ഇഡി ഫ്ലാറ്റില്‍ ആദിത്യ കൃഷ്ണ (23), ഏലൂര്‍ മഞ്ഞുമ്മല്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.ആര്. നവീന്‍ എന്നിവരെ കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസും ചേര്‍ന്നു പിടികൂടിയത്. ഇവരിൽനിന്ന് 294 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
വിനീഷ് നായരുടെ നേതൃത്വത്തില്‍ ആഡംബര ഹോട്ടലുകളില്‍ താമസിച്ചു നഗരത്തില്‍ ലഹരി വില്പന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിനീഷ് വിമാനത്തിൽ ബംഗളൂരുവിലെത്തി ഇവിടെനിന്നു എംഡിഎംഎ വാങ്ങിയശേഷം ഇവരുടെ സംഘത്തിലെ വിഷ്ണു കാര്‍മാര്‍ഗം ബംഗളൂരുവിലെത്തി ഇതു കൈപ്പറ്റി എറണാകുളത്തേക്ക് തിരിച്ചുപോരും. അതിനുശേഷം വിമാനത്തിൽത്തന്നെ വിനീഷ് കൊച്ചിയിലേക്ക് മടങ്ങും. ഇത്തരത്തിൽ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലാണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്.