എസ്എസ്എൽസി പരീക്ഷ അവസാനിച്ചു; ഹയർസെക്കൻഡറി ഇന്നും
Thursday, March 30, 2023 12:54 AM IST
തിരുവനന്തപുരം: ഒരു മാസം നീണ്ട പരീക്ഷകൾ ഇന്ന് അവസാനിക്കും. മധ്യവേനൽ അവധിക്കായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ നാളെ അടയ്ക്കും. എസ്എസ്എൽസി പരീക്ഷ ഇന്നലെ പൂർത്തിയായി. 4.19 ലക്ഷം വിദ്യാർഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. കഴിഞ്ഞ ഒൻപതിനാണ് പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചത്. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിലേയും പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകളിലേയും പരീക്ഷകൾ ഇന്നു പൂർത്തിയാകും.
അടുത്ത അധ്യയന വർഷത്തേക്കായുള്ള സ്കൂൾ യൂണിഫോമും പുസ്തകങ്ങളും തയാറായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ ഒന്നിന് അടുത്ത അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കും.
ഏപ്രിൽ മൂന്നിന് എസ്എസ്എൽസി ഉത്തരക്കടലാസ് മൂല്യനിർണയും ആരംഭിക്കും. 70 മൂല്യനിർണയക്യാന്പുകളിലായി 18,000 അധ്യാപകരാണ് മൂല്യനിർണയം നടത്തുന്നത്. മേയ് പകുതിയോടെ എസ്എസ്എൽസി ഫലപ്രഖ്യാപനം ഉണ്ടാവും.
4.42 ലക്ഷം വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷ എഴുതുന്നത്. 80 ക്യാന്പുകളിലായി ഏപ്രിൽ മൂന്നിന് ഹയർസെക്കൻഡറി മൂല്യനിർണയവും ആരംഭിക്കും. 25,000 ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കും.