ഫണ്ട് നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി സർക്കാർ
Thursday, March 23, 2023 12:48 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടും പദ്ധതിപ്പണവും നൽകാതെ സർക്കാർ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നെന്നു രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംസ്ഥാന ചെയർമാൻ എം.മുരളി ആരോപിച്ചു.
ഈ സാന്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകേണ്ട ഫണ്ടിന്റെ മൂന്നാം ഗഡുവായ 1876.72 കോടി രൂപ വീണ്ടും മൂന്ന് ഗഡുക്കളായി മാറ്റി മാർച്ച് 13ന് ഒരു ഗഡു മാത്രം നൽകി.
ബാക്കി 1250 കോടി രൂപ പദ്ധതികൾ പൂർത്തീകരിക്കേണ്ട മാർച്ച് 31 നുള്ളിൽ നൽകാതെ സർക്കാർ ഒളിച്ചുകളിക്കുന്നു.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിവിധങ്ങളായ വികസന ഫണ്ടുകൾ മൂന്ന് ഗഡുക്കളായാണ് സർക്കാർ നൽകുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആദ്യഗഡുവും ഒക്ടോബറിൽ രണ്ടാം ഗഡുവും നൽകി. പദ്ധതികൾ പൂർത്തീകരിക്കാൻ ജനുവരി ആദ്യം അനുവദിക്കേണ്ട മൂന്നാം ഗഡുവാണു വീണ്ടും മൂന്നു ഗഡുക്കളാക്കി മാറ്റിയത്.
മൂന്നാം ഗഡുവിൽ നൽകേണ്ട മൂന്നിൽ രണ്ടു ഭാഗം പിടിച്ചുവച്ചിരിക്കുന്നു. തുക സ്പിൽ ഓവർ ആക്കാനുള്ള തന്ത്രമാണ് സർക്കാർ സ്വീകരിക്കുന്നത്. അതോടെ 2023-24 വർഷത്തെ പദ്ധതിയിൽ നിന്നും ഈ തുക സ്പിൽ ഓവറായി വെട്ടിക്കുറയ്ക്കാനാണ് സർക്കാറിന്റെ ഗൂഢശ്രമം.
വരുന്ന ദിവസങ്ങളിൽ 1250 കോടി രൂപയോളം വരുന്ന അവശേഷിക്കുന്ന പദ്ധതിപ്പണം നൽകിയില്ലെങ്കിൽ ശക്തമായ സമരം കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തുമെന്നും എം. മുരളി മുന്നറിയിപ്പു നൽകി.