കെഎസ്ആർടിസി ശന്പള വിതരണം: ചർച്ച നാളത്തേയ്ക്കു മാറ്റി
Sunday, March 19, 2023 12:20 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശന്പളവിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗതാഗതമന്ത്രി ആന്റണി രാജു അംഗീകൃത തൊഴിലാളി സംഘടനകളുമായി ഇന്നലെ നടത്താനിരുന്ന ചർച്ച നാളെത്തേയ്ക്കു മാറ്റി. ശന്പളം ഗഡുക്കളായി നൽകുന്നതിനെ ട്രേഡ് യൂണിയനുകൾ എതിർക്കുന്ന സാഹചര്യത്തിലാണു ചർച്ച.
നാളെ നടക്കുന്ന ചർച്ചയിലും തീരുമാനമായില്ലെങ്കിൽ പണിമുടക്കിലേക്കു പോകാനാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ തീരുമാനം. പ്രതിപക്ഷ യൂണിയനുകൾ പൊതു സമര മുന്നണി രൂപീകരിക്കുന്നത് ആലോചനയിലുണ്ട്. കഴിഞ്ഞയാഴ്ച മന്ത്രിതലത്തിൽ ചർച്ച നടന്നെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പണിമുടക്ക് കൂടി താങ്ങാവുന്ന അവസ്ഥയിലല്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ വിലയിരുത്തൽ.