ഡിജിറ്റൽ സർവേയ്ക്ക് സർവേ സഭകൾ
Friday, September 30, 2022 11:57 PM IST
തിരുവനന്തപുരം: ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നതിനുള്ള ഡിജിറ്റൽ റീസർവേ നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. ആദ്യഘട്ടത്തിൽ ഒരേ സമയം 200 വില്ലേജുകളിലാകും റീസർവേ നടക്കുക.
മൂന്ന് വർഷവും എട്ട് മാസവും കൊണ്ട് സംസ്ഥാനത്താകെ ഡിജിറ്റൽ റീസർവെ പൂർത്തീകരിക്കാനാണ് സർവേ വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ .രാജൻ പറഞ്ഞു.
ഭൂവുടമകളായ മുഴുവൻ പേരുടെയും സഹകരണത്തോട് കൂടി മാത്രമേ ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നതിന് സാധിക്കുകയുള്ളു. ഇതിനായി ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം 12 മുതൽ 25 വരെയാകും സർവേ സഭകൾ സംഘടിപ്പിക്കുക.