നാക് റാങ്കിംഗ് : കേരള കേന്ദ്ര സര്വകലാശാലയ്ക്ക് എ ഗ്രേഡ്
Wednesday, September 28, 2022 12:30 AM IST
കാസര്ഗോഡ്: നാഷണല് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷന് കൗണ്സില് (നാക്) ഗ്രേഡിംഗില് കേരള കേന്ദ്രസര്വകലാശാലയ്ക്കു ചരിത്രനേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്വകലാശാല ഇത്തവണ എ ഗ്രേഡിലേക്കു കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്ത്തിയാണ് ഈ നേട്ടം.
രണ്ടാമത്തെ നാക് വിലയിരുത്തലാണ് ഇത്തവണ നടന്നത്. 2016ലായിരുന്നു ആദ്യത്തേത്. കരിക്കുലര് ആസ്പെക്ട്സ്, റിസര്ച്ച്-ഇന്നവേഷന്സ് ആൻഡ് എക്സ്റ്റന്ഷന്, ഇന്ഫ്രാസ്ട്രക്ചര് ആൻഡ് ലേണിംഗ് റിസോഴ്സസ്, ഗവേണന്സ്-ലീഡര്ഷിപ്പ് ആൻഡ് മാനേജ്മെന്റ്, ഇന്സ്റ്റിറ്റ്യൂഷണല് വാല്യൂസ് ആൻഡ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ മേഖലകളില് പോയിന്റ് വര്ധിച്ചു.
21, 22, 23 തീയതികളിലാണു നാക് പരിശോധന നടന്നത്. മിസോറം യൂണിവേഴ്സിറ്റി വൈസ് ചാന്സലര് പ്രഫ. കെ.ആര്.എസ്. സാംബശിവ റാവു ചെയര്മാനായ ആറംഗ സംഘമാണു ഗ്രേഡ് നിര്ണയത്തിനായി പെരിയ കാന്പസിലെത്തിയത്. വിവിധ മേഖലകളില് സര്വകലാശാല നടത്തുന്ന മുന്നേറ്റത്തെ സംഘം അഭിനന്ദിച്ചിരുന്നു. 2009ല് സ്ഥാപിതമായ കേരള കേന്ദ്ര സര്വകലാശാലയ്ക്കു ചുരുങ്ങിയ വര്ഷങ്ങള്ക്കുള്ളില് എ ഗ്രേഡ് നേടാന് സാധിച്ചുവെന്നതു പ്രധാനപ്പെട്ടതാണ്.
പുതിയ ഗ്രേഡ് നേട്ടത്തോടെ വിദൂര വിദ്യാഭ്യാസ, ഓണ്ലൈന് കോഴ്സുകള് ആരംഭിക്കുന്നതിനുള്ള അനുമതി സര്വകലാശാലയ്ക്കു ലഭിക്കും. വിദേശ സര്വകലാശാലകളുമായി ധാരണാപത്രം ഒപ്പിടുന്നതിനും സഹകരിച്ചു പ്രവര്ത്തിക്കുവാനും സാധിക്കും. യുജിസിയുടെ സാമ്പത്തികസഹായത്തിലും വര്ധനയുണ്ടാകും.
നാക് ഗ്രേഡിംഗില് മുന്നേറ്റം ലക്ഷ്യമിട്ട് വൈസ് ചാന്സലര് പ്രഫ.എച്ച്.വെങ്കടേശ്വര്ലുവിന്റെ നേതൃത്വത്തില് വലിയ മുന്നൊരുക്കം സര്വകലാശാല നടത്തിയിരുന്നു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഗ്രേഡിംഗിലെ മുന്നേറ്റമെന്നു വൈസ് ചാന്സലര് പറഞ്ഞു. അധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തിലേക്ക് കേരള കേന്ദ്രസര്വകലാശാല ഉയര്ന്നുവെന്നതിന്റെ സൂചനയാണിത്. രണ്ടാമത്തെ നാക് വിലയിരുത്തലില്ത്തന്നെ എ ഗ്രേഡിലെത്തുക എന്നതു പ്രധാന നേട്ടമാണ്. ഇനിയും മുന്നോട്ടുപോകാനുണ്ട്. ഇതിനുള്ള ശ്രമങ്ങള് സര്വകലാശാല നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.