രക്ഷ തേടി റബർ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, April 14, 2025 1:15 AM IST
റബർ രക്ഷകനെ തേടുന്നു, ഊഹകച്ചവടക്കാരുടെ കടന്നാക്രമണത്തിന് മുന്നിൽ നിക്ഷേപകർ പകച്ചുപോയി, ഒസാക്കയിൽ 300 യെന്നിന് മുന്നിൽ പിടിച്ചുനിൽക്കാൻ റബർ ക്ലേശിക്കുകയാണ്. നാളികേരോത്പന്നങ്ങൾ സാങ്കേതിക തിരുത്തലിനുള്ള നീക്കത്തിൽ, പച്ചത്തേങ്ങ വിപണിയിൽ ഇറക്കാൻ അനുകൂല സാഹചര്യം. പുതിയ കുരുമുളക് വിയറ്റ്നാമിൽ വില്പനയ്ക്ക് സജ്ജമാകുന്നു. എഴുപതിനായിരത്തിന്റെ തങ്കത്തിളക്കത്തിൽ പവൻ.
ആടിയുലഞ്ഞ് റബർ വിപണികൾ
ആഗോള റബർ വിപണികൾ ആടിയുലഞ്ഞു, ഇറക്കുമതി ചുങ്കം കയറ്റുമതി മേഖലയെ തകിടംമറിക്കുമെന്ന ഭീതിയിൽ ഏഷ്യൻ മാർക്കറ്റുകളിൽ നിന്നും വ്യവസായികൾ പിൻതിരിഞ്ഞത് ഷീറ്റ് വിലയെ ബാധിച്ചു. പ്രതികൂല വാർത്തകൾ ഭയന്ന് നിക്ഷേപകർ അവധി വ്യാപാരത്തിൽ നിന്നും അകന്നത് ഉത്പാദക രാജ്യങ്ങളെയും പിരിമുറുക്കത്തിലാക്കി.
ഏഷ്യൻ മാർക്കറ്റുകൾ വാരത്തിന്റെ തുടക്കം മുതൽ വില്പന സമ്മർദത്തിലായിരുന്നു. അമേരിക്കൻ തീരുവ വിഷയത്തിൽ പ്രതികൂല വാർത്തകൾ പ്രവഹിച്ചത് അവധി വ്യാപാരത്തിലെ ബാധ്യതകൾ വിറ്റുമാറാൻ ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ ഏപ്രിൽ ആദ്യ വാരം എട്ട് ശതമാനം വിലത്തകർച്ചയെ അഭിമുഖീകരിച്ച റബറിന് പിന്നിട്ടവാരത്തിൽ തിരിച്ചുവരവിന് അവസരം ലഭിച്ചില്ല.

ഒസാക്കയിൽ കിലോ 318 യെന്നിൽ നിന്നും 300ലെ താങ്ങ് തകർത്ത് 280 യെന്നിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്തി. മുൻവാരം സൂചന നൽകിയതാണ് ഹ്രസ്വകാലയളവിലേക്ക് വീക്ഷിച്ചാൽ റബറിന് 267 യെന്നിൽ വിപണി പിടിച്ചു നിൽക്കാൻ ശ്രമം നടത്തുമെന്ന്.
താത്കാലികമായി 280ൽനിന്നുള്ള പുൾബാക്ക് റാലിയിൽ 303ലേക്ക് നിരക്ക് കയറിയെങ്കിലും ക്ലോസിംഗിൽ 295 യെന്നിലാണ്. വിപണിയിലെ തകർച്ചയ്ക്ക് ഇടയിൽ ഒരു വിഭാഗം ഊഹക്കച്ചവടക്കാർ വിൽപ്പന തിരിച്ചുപിടിക്കാൻ മത്സരിച്ചതാണ് 300ലേക്ക് ഉയർത്തിയത്. എന്നാൽ, ഈ റേഞ്ചിൽ അധിക നേരം തുടരാൻ റബറിനായില്ല. പുതിയ നിക്ഷേപകർ കൈപൊള്ളുമെന്ന ഭീതിയിൽ രംഗത്തുനിന്നും അകന്നു നിന്നു. ഇത് മൂലം സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിലും റബറിന് മികവ് കാണിക്കാനായില്ല.
അതേ സമയം ബാങ്കോക്കിൽ ഷീറ്റ് വില 19,476 രൂപയിൽനിന്നും 16,954ലേക്ക് ഇടിഞ്ഞത് അവസരമാക്കി വിദേശ ടയർ വ്യവസായികൾ തിരക്കിട്ട് പുതിയ കച്ചവടങ്ങളിൽ ഏർപ്പെട്ടു. ആയിരക്കണക്കിന് ടൺ മുന്നിലുള്ള മൂന്ന് മാസ കാലയളവിലേക്ക് ഷിപ്പ്മെന്റ് നടത്താൻ ധാരണയായി. ഇന്ത്യൻ വ്യവസായികളിൽ നിന്നുള്ള ശക്തമായ ഡിമാന്ഡിൽ വാരാന്ത്യം വില 18,471ലേക്ക് ഉയർന്നു. ബാങ്കോക്കിൽനിന്നും ഷീറ്റിനായി ബൾക്ക് ഓർഡറുകൾ നൽകിയിട്ടും കേവലം 1500 രൂപയുടെ വർധനമാത്രമേ അവിടെ സംഭവിച്ചുള്ളുവെന്നാണ് ടയർ ഭീമൻമാരുടെ നിലപാട്.
സംസ്ഥാനത്ത് ചരക്ക് ലഭ്യത കുറവാണ്. നാലാം ഗ്രേഡ് റബർ 20,100 രൂപയിൽനിന്നും 19,400ലേക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം വില 19,700ലാണ്. പല ഭാഗങ്ങളിലും വേനൽമഴ സജീവമെങ്കിലും സ്തംഭിച്ച റബർ ടാപ്പിംഗ് പുനരാരംഭിക്കാൻ കൂടുതൽ മഴ അനിവര്യം.
പ്രതീക്ഷയിൽ നാളികേരം
പച്ചത്തേങ്ങ വിപണിയിൽ ഇറക്കാൻ അനുകൂല സമയം, നാളികേരോത്പന്നങ്ങൾ സാങ്കേതിക തിരുത്തലിനുള്ള നീക്കങ്ങൾ തുടങ്ങിതായാണ് വിപണിയുടെ അടിയോഴുക്ക് നൽക്കുന്ന സൂചന. ഈ വാരം വെളിച്ചെണ്ണയും കൊപ്രയും സർവകാല റിക്കാർഡ് വില രേഖപ്പെടുത്തി.

ഓണാഘോഷങ്ങൾക്ക് ശേഷമാണ് ബുൾ റാലി ഉടലെടുത്തത്. വിഷുവും ഈസ്റ്ററും കഴിയുന്നതോടെ വിപണിയിൽ തളർച്ചയുടെ സൂചനകൾ തലയുയർത്താം. തമിഴ്നാട്ടിലെ വൻകിട മില്ലുകൾ പലതും കഴിഞ്ഞ വാരം കൊപ്ര സംഭരണം നിയന്ത്രിച്ചു. എന്നാൽ, ഇക്കാര്യം അവർ അതീവ രഹസ്യമായി സൂക്ഷിക്കുന്നു. നേരത്തെ ആട്ടിയ എണ്ണ മുഴുവൻ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുകയാണ് അവരുടെ ലക്ഷ്യം. കൊച്ചിയിൽ വെളിച്ചെണ്ണ 26,700 വരെ കയറിയ ശേഷം 26,600 ലാണ്, കൊപ്ര 17,600 ലും.
പാം ഓയിലിന് ഇടിവ്
ഇതിനിടയിൽ രാജ്യാന്തര പാം ഓയിൽ വില ഇടിഞ്ഞു, മലേഷ്യയിൽ ഉത്പാദനം ഉയർന്നതും കയറ്റുമതി ചുരുങ്ങിയതും വിലയെ ബാധിച്ചു. ഇറക്കുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ ഉയർന്ന നികുതി അവരുടെ കയറ്റുമതിയുടെ താളം തെറ്റിച്ചു. കരുതൽ ശേഖരം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയത് സമ്മർദം ഇരട്ടിപ്പിക്കാം.

കരുതൽ ശേഖര വിവരത്തെ തുടർന്ന് പാം ഓയിൽ വില ടണ്ണിന് 983 ഡോളറിൽ നിന്നും 895ലേക്ക് ഇടിഞ്ഞു. മലേഷ്യയുടെ അസംസ്കൃത പാം ഓയിൽ ഉത്പാദനം ഒരു മാസത്തിനിടയിൽ 17 ശതമാനം ഉയർന്നങ്കിലും അതിന് അനുസൃതമായി കയറ്റുമതി വർധിച്ചില്ല. മലേഷ്യയും ഇന്തോനേഷ്യയുമാണ് ആഗോള പാം ഓയിൽ വിപണി നിയന്ത്രിക്കുന്നത്. പുതിയ സാഹചര്യത്തിൽ ഇന്ത്യൻ വ്യവസായികൾ വിദേശ പാചകഎണ്ണ ഇറക്കുമതിക്ക് മുതിർന്നാൽ അത് വെളിച്ചെണ്ണയിൽ ചാഞ്ചാട്ടമുളവാക്കും.
സുഗന്ധവ്യഞ്ജനങ്ങളിൽ കയറ്റിറക്കം
ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന വ്യാപാരികൾ താത്കാലിക ആവശ്യങ്ങൾക്കുള്ള ചരക്ക് സംഭരണം പൂർത്തിയാക്കി. ഉത്പാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്ക് വരവ് ശക്തമല്ലങ്കിലും ഡിമാന്ഡ് കുറഞ്ഞത് നിരക്ക് അല്പം താഴാൻ ഇടയാക്കി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 71,300 രൂപയിലും ഗാർബിൾഡ് 73,300 ലും വ്യാപാരം നടന്നു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 8700 ഡോളർ.
അടയ്ക്കയ്ക്ക് നല്ല സമയം
പാൻ മസാല വ്യവസായികൾ അടയ്ക്ക സംഭരിക്കാൻ ഉത്സാഹിച്ചു. ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം അടയ്ക്ക വില പെടുന്നനെ ഉയർന്നത് സ്റ്റോക്കിസ്റ്റുകൾക്ക് ആവേശം പകർന്നു. വിദേശ അടയ്ക്ക ഇറക്കുമതിക്ക് കേന്ദ്രം വരുത്തിയ പുതിയ നിയന്ത്രണങ്ങൾ വ്യവസായികളെ സമ്മർദത്തിലാക്കും.

സംസ്കരിച്ച അടയ്ക്ക വൻതോതിൽ ഇറക്കുമതി നടത്തിരുന്നവർക്ക് നിയന്ത്രണം തിരിച്ചടിയാണ്. ഇതിനിടയിൽ മ്യാൻമറിലെ ഭൂകന്പത്തിനുശേഷം അവിടെനിന്നും കള്ളക്കടത്ത് വരവും പൊടുന്നനെ നിലച്ചതും ചരക്ക് ക്ഷാമത്തിന് ഇടയാക്കി. കൊച്ചിയിൽ അടയ്ക്ക വില ക്വിന്റലിന് 13,000 രൂപ വർധിച്ച് 35,000 രൂപയായി.
കേരളത്തിൽ സ്വർണ വില സർവകാല റിക്കാർഡ് നിലവാരമായ 70,160 രൂപയിലെത്തി. വാരത്തിന്റെ തുടക്കത്തിലെ 66,480 രൂപയിൽ നിന്നും മൊത്തം 3680 രൂപ വർധിച്ചു. ഒരുഗ്രാം സ്വർണ വില 8770 രൂപയായി.