ഇന്ത്യൻ വിപണികൾ തിളങ്ങി
Saturday, April 12, 2025 12:17 AM IST
ന്യൂയോർക്ക്: ലോകത്തിലെ വലിയ രണ്ടു സാന്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം നിലനിൽക്കുന്നതിനാൽ ഏഷ്യ-പസഫിക് മേഖലയിലെ ഓഹരിവിപണികളിൽ സമ്മിശ്ര പ്രകടനം.
ഇന്ത്യൻ ഓഹരി വിപണികളായ ബോംബെ സ്റ്റോക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചും തിളങ്ങി. ബുധനാഴ്ച ചരിത്രത്തിലെ മികച്ച പ്രകടനങ്ങളിലൊന്നിലെത്തിയ വാൾ സ്ട്രീറ്റ് വിപണികൾ വ്യാഴാഴ്ച വില്പന സമ്മർദത്തെത്തുടർന്ന് ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് ഏഷ്യ-പസഫിക് മേഖലയിലുമുണ്ടായത്. വ്യാഴാഴ്ച ഈ മേഖലയിലെ ഓഹരിവിപണികൾ മികച്ച പ്രകടനമാണ് നടത്തിയത്.
ഓസ്ട്രേലിയുടെ എസ് ആൻഡ് പി/ എഎസ്എക്സ് 0.82 ശതമാനത്തിലും ജപ്പാന്റെ നിക്കീ 2.96 ശതമാനത്തിലും ടോപ്പിക്സ് 2.85 ശതമാനത്തിന്റെ തകർച്ചയിലുമെത്തി. ദക്ഷിണ കൊറിയയുടെ കോസ്പി 0.5 ഇടിഞ്ഞു.
ഹോങ്കോങിന്റെ ഹാങ് സെങ് 1.13 ശതമാനവും ചൈനയുടെ സിഎസ്ഐ 0.41 ശതമാനവും ഷാങ്ഹായ് കോംപോസിറ്റ് 0.45 ശതമാനവും ഉയരത്തിലെത്തി.
ഇന്ത്യൻ ഓഹരി വിപണി
ചൈന ഒഴികെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ട്രംപിന്റെ അധിക തീരുവ തീരുമാനം 90 ദിവസത്തേക്കു മരവിപ്പിച്ചതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണികളിൽ ദൃശ്യമായി. ബുധനാഴ്ച തകർച്ചയിൽ ക്ലോസ് ചെയ്ത് ഇന്ത്യൻ വിപണികൾക്ക് മഹാവീർ ജയന്തിയെത്തുടർന്ന് വ്യാഴാഴ്ച അവധിയായിരുന്നു. ഇന്നലെ തുടക്കമുതലേ ബിഎസ്ഇയും നിഫ്റ്റിയും ഉയർത്തിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി 429.40 പോയിന്റ് (1.92%) ഉയർന്ന് 22,828.55ലും സെൻസെക്സ് 1,310.11 പോയിന്റ് (1.77%) നേട്ടത്തിൽ 75157.26ലും ക്ലോസ് ചെയ്തു.
മേഖല സൂചികകളിൽ നിഫ്റ്റി മെറ്റൽ (4.09%) ആണ് മികച്ച പ്രകടനം നടത്തിയത്. നിഫ്റ്റി മിഡ്കാപും സ്മോൾകാപും യഥാക്രമം 1.85 ശതമാനവും 2.88 ശതമാനവും ഉയർന്നു.
യുഎസ് വിപണികൾക്കു താഴ്ച
ബുധനാഴ്ച ശക്തമായ പ്രകടനം നടത്തിയ യുഎസ് വിപണികൾക്ക് വ്യാഴാഴ്ച മികവിലെത്താനായില്ല. ചൈനയ്ക്കെതിരേയുള്ള ഇറക്കുമതി തീരുവ 145 ശതമാനമാക്കാനുള്ള തീരുമാനമാണ് വ്യാഴാഴ്ച വിപണിയെ ബാധിച്ചത്.
സാന്പത്തിക അനിശ്ചിതത്വവും ആഗോള സാന്പത്തികമാന്ദ്യ ഭീഷണിയും നിക്ഷേപകരിൽ വിൽപ്പന സമ്മർദം ഉയർത്തി.
ബുധനാഴ്ച 3000 പോയിന്റിനടുത്തു വരെ ഉയർന്ന ഡൗ ജോണ്സ് വ്യാഴാഴ്ച 1015 പോയിന്റ് (2.5%) താഴ്ന്നു. എസ് ആൻഡ് പി 3.46 ശതമാനവും നാസ്ദാക് 4.31 ശതമാനവുമാണ് താഴ്ന്നത്.
ചൈനയിലേക്കു യുഎസിന്റെ എല്ലാ ഇറക്കുമതികൾക്കും തീരുവ ഉയർത്തിയതിനു പിന്നാലെ ഇന്നലെ യുഎസ്, യൂറോപ്യൻ സ്റ്റോക് മാർക്കറ്റുകൾ തകർച്ചയിലാണ് തുടങ്ങിയത്. യൂറോപ്യൻ വിപണികൾ തകർച്ച യിലാണ് ക്ലോസ് ചെയ്തത്. ഡോളറി നെതിരേ യൂറോയുടെ മൂല്യം മൂന്നു വർഷ ത്തെ ഉയർന്ന നിലയിലെത്തി.
ഡോളറിന് ഇടിവ്
ഡോളർ സൂചിക 2023 ജൂലൈയ്ക്കുശേഷം ആദ്യമായി 100നു താഴെയായി. ആറു പ്രധാന നാണയങ്ങൾക്കെതിരേ ഡോളർ സൂചിക 21 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. തുടർച്ചയായ നാലാം ദിവസമാണ് ഡോളർ സൂചിക ഇടിയുന്നത്.
ഇതോടെ ഡോളർ മൂല്യം താഴ്ന്ന നിലയിലാണ്. ഇന്നലത്തെ ഇടിവോടെ ഏപ്രിലിൽ യുഎസ് ഡോളറിന്റെ മൂല്യത്തിൽ 4.21% നഷ്ടമുണ്ടായി. ജനുവരിയിലെ ഉയർന്ന നിരക്കായ 110ൽനിന്ന് 9.31% ഇടിഞ്ഞു.