വിപണിയിൽ ഇടിവ്
Friday, February 14, 2025 11:49 PM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവ് തുടരുന്നു. സെൻസെക്സും നിഫ്റ്റിയും രണ്ട് വർഷത്തിനിടെ ആദ്യമായാണ് തുടർച്ചയായ എട്ടാം ദിനവും നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. തുടർച്ചയായ എഫ്ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങൾ) വിൽപ്പനയും ദുർബലമായ മൂന്നാം പാദ വരുമാനവും വിപണിയെ ബാധിക്കുന്നുണ്ട്.
റഷ്യ-ഉക്രെയ്ൻ സംഘർഷത്തിന് അയവുവരുമെന്ന പ്രതീക്ഷയും ഏപ്രിൽ വരെ യുഎസ് താരിഫ് ഏർപ്പെടുത്തുന്നതിൽ കാലതാമസം വരുമെന്ന വിശ്വാസവും തീരുവ വിഷയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചർച്ചയും വിപണിയെ സ്വാധീനിച്ചില്ല.
സെൻസെക്സ് 199.76 പോയിന്റ് നഷ്ടത്തിൽ 75,939.21ലും നിഫ്റ്റി 102.15 പോയിന്റ് ഇടിഞ്ഞ് 22929.25ലുമാണ് ക്ലോസ് ചെയ്തത്.
രൂപ കയറുന്നു
ആർബിഐയുടെ ഇടപെടലിൽ രൂപ കരകയറുന്നു. ഇന്ത്യൻ രൂപ ഡോളറിനെതിരെ ഏഴ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര ഉയർച്ച രേഖപ്പെടുത്തി. വിദേശ വിനിമയ വിപണിയിലെ സെൻട്രൽ ബാങ്കിന്റെ കനത്ത ഇടപെടലാണ് രൂപയെ കരകറ്റിയത്. ഇന്നലെ 12 പൈസ നേട്ടത്തിൽ രൂപ 86.81ൽ ക്ലോസ് ചെയ്തു.
86.86 എന്ന നിലയിൽ വ്യാപാരം തുടങ്ങിയ രൂപ 86.79ലേക്ക് ഉയരുകയും പിന്നീട് 86.90ലേക്ക് താഴുകയും ചെയ്തു. അവസാന സെഷനിൽ 12 പൈസ നേട്ടത്തോടെ 86.81 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. വ്യാഴാഴ്ച ഡോളറിനെതിരേ രൂപ 86.92 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.