കുറഞ്ഞ ചെലവിൽ വിമാനയാത്ര ഒരുക്കുക ലക്ഷ്യം: എയർ കേരള സിഇഒ
Tuesday, February 18, 2025 12:35 AM IST
കൊച്ചി: വ്യോമയാന മേഖലയിൽ കേരളം മുന്നോട്ടുവച്ച മികച്ച മാതൃകയാണു സിയാൽ എന്ന് എയർ കേരള ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹാരിഷ് മൊയ്തീൻ കുട്ടി.
കേരള മാനേജ്മെന്റ് അസോസിയേഷൻ ലീഡർ ഇൻസൈറ്റ് പ്രഭാഷണപരന്പരയിൽ ട്രാൻസ്ഫോർമിംഗ് ഏവിയേഷൻ ഇൻഡസ്ട്രി ഇൻ കേരള ഫോർ ഗ്ലോബൽ കണക്ടിവിറ്റി എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബസ്, ട്രെയിൻ യാത്രക്കാരെ വിമാനയാത്രയിലേക്ക് ആകർഷിക്കുക എന്നതാണു എയർ കേരളയുടെ ലക്ഷ്യം. 70 സീറ്റുകളുള്ള ബസുകളിൽ 2500 രൂപ വരെ നൽകി യാത്ര ചെയ്യുന്നവരെ വിമാന യാത്രയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
പ്രവാസികൾ ഏറെയുള്ള കേരളത്തിൽ വിമാനയാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. അവർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്ര ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. അൾജിയേഴ്സ് ഖാലിദ്, ടോം പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.