10 കാന്പസ് വ്യവസായ പാർക്കുകൾക്ക് ഈ മാസം അനുമതി
Sunday, February 16, 2025 12:18 AM IST
സിജോ പൈനാടത്ത്
കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിനായി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിടുന്ന സംസ്ഥാനസർക്കാരിന്റെ കാന്പസ് വ്യവസായ പാർക്കുകളിൽ പത്തെണ്ണത്തിന് ഈ മാസം അന്തിമ അനുമതിയാകും.
ഇതുവരെ ലഭിച്ച അപേക്ഷകളുടെ പരിശോധനകൾ പൂർത്തിയാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ എൻഒസിയോടെയാകും കാന്പസുകൾക്കു കാന്പസ് വ്യവസായ പാർക്ക് നടത്തുന്നതിനുള്ള ഡവലപ്പർ പെർമിറ്റ് നൽകുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് ദീപികയോട് പറഞ്ഞു.
വിദ്യാഭ്യാസസ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമിക്കുശേഷം വെറുതെ കിടക്കുന്ന ഭൂമിയാണ് കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്ക് ഉപയോഗിക്കുക. കാന്പസിനോടനുബന്ധിച്ച് വ്യവസായ പാർക്ക് ക്രമപ്പെടുത്തുന്നതിന് മൂലധനസഹായം ലഭ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പാർക്കിലേക്ക് ആവശ്യമായ റോഡ്, കെട്ടിടനിർമാണം, വൈദ്യുതി, ഡ്രെയിനേജ്, മാലിന്യനിർമാർജന പ്ലാന്റ്, ലാബ്, ടെസ്റ്റിംഗ് ആൻഡ് സർട്ടിഫിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയ പൊതുസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ ധനസഹായം നൽകുക. ഏക്കറിന് 20 ലക്ഷം രൂപ നിരക്കിൽ പരമാവധി ഒന്നരക്കോടി രൂപ വരെയാണു സഹായം.
കാന്പസ് വ്യവസായ പാർക്കുകൾക്കായി നിലവിൽ സർക്കാരിനു ലഭിച്ചിട്ടുള്ള അപേക്ഷകൾ ജില്ലാതല പരിശോധനാസമിതികൾ വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയുടെയും അടിസ്ഥാനത്തിലാകും പാർക്കുകൾ തുടങ്ങാൻ പെർമിറ്റ് നൽകുക.
പാർക്ക് ആർക്കെല്ലാം?
കുറഞ്ഞത് അഞ്ചേക്കർ ഭൂമിയുള്ള സർക്കാർ, സ്വകാര്യ മേഖലയിലെ ആർട്സ് ആൻഡ് സയൻസ് കോളജുകൾ, പ്രഫഷണൽ കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവയ്ക്കു കാമ്പസ് വ്യവസായ പാർക്കിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 30 വർഷത്തേക്കാണു ഡവലപ്പർ പെർമിറ്റ് അനുവദിക്കുക.