മൂല്യമേറിയ കന്പനി: ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ്
Tuesday, February 18, 2025 11:39 PM IST
മുംബൈ: ഇന്ത്യയിലെ മൂല്യമേറിയ കന്പനികളിൽ ഒന്നാം സ്ഥാനം തുടർച്ചയായ നാലാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് നിലനിർത്തി.
അക്സിസ് ബാങ്കിന്റെ പ്രൈവറ്റ് ബാങ്കിംഗ് യൂണിറ്റായ ബർഗണ്ടി പ്രൈവറ്റ് ആൻഡ് ഹുരുണ്‍ ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ടിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാമതെത്തിയത്. ടാറ്റ കണ്‍സൾട്ടൻസിയും എച്ച്ഡിഎഫ്സി ബാങ്കുമാണ് മുകേഷ് അംബാനി നയിക്കുന്ന റിലയൻസിനു പിന്നിൽ.
2024ലെ ബർഗണ്ടി പ്രൈവറ്റ് ആൻഡ് ഹുരുണ്‍ ഇന്ത്യ 500 റിപ്പോർട്ടിൽ റിലയൻസ് ഇൻഡ്സ്ട്രീസിന് 17.5 ലക്ഷം കോടിയാണ് വിപണി മൂല്യം. ടാറ്റ കണ്‍സൾട്ടൻസിക്ക് 16.1 ലക്ഷം കോടിയും എച്ച്ഡിഎഫ്സി ബാങ്കിന് 14.2 ലക്ഷം കോടി രൂപയുമാണ് വിപണി മൂല്യം.
റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ 12 ശതമാനം വളർച്ച നേടിയാണ് റിലൻസ് 17.5 ലക്ഷം കോടി രൂപയിലെത്തിയത്. ടിസിഎസ് 30 ശതമാനത്തിന്റെയും എച്ച്ഡിഎഫ്സി ബാങ്ക് 26 ശതമാനത്തിന്റെയും വളർച്ച നേടി.
വേഗത്തിൽ വളരുന്ന കന്പനികളിൽ മോട്ടിലാൽ ഒസ്വാൾ ഫിനാൻഷൽ സർവീസസ് ആണ് മുന്നിൽ. മുൻ വർഷത്തെക്കാൾ 297 ശതമാനം വളർച്ച നേടി. മുൻ വർഷത്തെക്കാൾ മൂന്നിരട്ടി വിപണി മൂല്യം നേടിയ ഇനോക് വിൻഡും സെപ്റ്റോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വിപണിമൂല്യത്തിൽ 75 ശതമാനം നേട്ടവുമായി 9.74 ലക്ഷം കോടി രൂപ മൂല്യത്തി ലെത്തിയ ഭാരതി എയർടെൽ ആദ്യമായി ആദ്യ അഞ്ചിൽ കടന്നു. 4.7 ലക്ഷം കോടി രൂപ മൂല്യമുള്ള നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് ആദ്യമായി ആദ്യ പത്തിൽ ഇടം നേടി.