ഇന്‍വെസ്റ്റ് കേരള ഉച്ചകോടി: പ്രതീക്ഷകളോടെ എഐ റോബോട്ടിക്സ്
Tuesday, February 18, 2025 12:35 AM IST
കൊച്ചി: കൊച്ചിയിൽ ഈയാഴ്ച നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ( ഐകെജിഎസ്) നിക്ഷേപകരെ പ്രതീക്ഷിച്ച് എഐ റോബോട്ടിക്സ് മേഖല.
കഴിഞ്ഞ വർഷം നടന്ന ജെന്‍ എഐ കോണ്‍ക്ലേവിനുശേഷം കേരളത്തിലേക്ക് എഐ രംഗത്തെ ആഗോളകന്പനികളുടെ ശ്രദ്ധ പതിയുന്നതാണ് സർക്കാരിനും വ്യവസായ മേഖലയ്ക്കും പ്രതീക്ഷ വർധിപ്പിക്കുന്നത്.
ജെന്‍ എഐ കോണ്ക്ലേവിനുശേഷമാണ് ഐബിഎം കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മികവിന്റെ കേന്ദ്രം ആരംഭിച്ചത്. തുടക്കത്തില്‍ 300 പേർക്ക് ഇവിടെ ജോലി ലഭിച്ചു. ഇന്നിത് 1500ന് അടുത്തെത്തി. ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളടക്കമുള്ള ആവാസവ്യവസ്ഥയെ വളരെ പ്രതീക്ഷയോടെയാണു നിക്ഷേപകര്‍ നോക്കിക്കാണുന്നത്.
സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാര്‍ക്ക് തൃശൂരില്‍ സ്ഥാപിക്കാനുള്ള നടപടികളിലാണു സർക്കാർ. മുന്‍ഗണനാ മേഖലയിലായതിനാല്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരും. സംസ്ഥാന വ്യവസായനയത്തില്‍ 22 മുന്‍ഗണനാവിഷയങ്ങളില്‍ എഐയും ഇടംപിടിച്ചിട്ടുണ്ട്.
ജെന്‍ എഐ, റോബോട്ടിക്സ്, മെഷീന് ലേണിംഗ്, ഡാറ്റാ അനലിറ്റിക്സ്, എല്‍എല്‍എം തുടങ്ങിയ മേഖലകളില്‍ പ്രതീക്ഷ നല്കുന്ന നിരവധി സംരംഭങ്ങള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയ്ക്കു സര്‍ക്കാര്‍ നല്കുന്ന പിന്തുണയാണ് നിക്ഷേപകര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഗാരന്റിയെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി.
ഐടി മേഖലയും കേരളത്തിന്റെ അവസരങ്ങളും, വ്യവസായവളര്‍ച്ചയ്ക്കാവശ്യമായ ഐടി അടിസ്ഥാന സൗകര്യങ്ങള്‍, ഇന്നോവേറ്റിംഗ് ഫ്യൂച്ചര്‍ ട്രാന്‍സ്ഫോമിംഗ് ഇലക്ട്രോണിക്സ് സിസ്റ്റംസ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഭാവിയുടെ പ്രതിഭകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഗോള വിദഗ്ധര്‍ ഉച്ചകോടിയില്‍ പാനല്‍ ചര്‍ച്ച നടത്തുന്നുണ്ട്.
21, 22 തീയതികളില്‍ കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ലുലു കണ്വന്ഷന് സെന്ററിലാണ് ഇന്‍വെസ്റ്റ് കേരള ഉച്ചകോടി.