ജിയോഹോട്സ്റ്റാർ ലോഞ്ച് ചെയ്തു
Friday, February 14, 2025 11:49 PM IST
മുംബൈ: ജിയോ സിനിമയും ഡിസ്നി ഹോട്സ്റ്റാറും സംയോജിച്ച് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാർ യാഥാർഥ്യമായി. വയാകോം18നും സ്റ്റാർ ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ് ഈ ലയനം.
ഒൗദ്യോഗിക ജിയോഹോട്സ്റ്റാർ ആപ്പ് ലോഞ്ച് പ്രഖ്യാപിച്ചുകൊണ്ട് ഏകദേശം 3 ലക്ഷം മണിക്കൂർ വിനോദവും സമാനതകളില്ലാത്ത തത്സമയ സ്പോർട്സ് കവറേജും 50 കോടിയിലധികം ഉപയോക്താക്കൾക്ക് സേവനവും നൽകുമെന്ന് കന്പനി അറിയിച്ചു.ഇതോടെ 50 കോടിയിലധികം ഉപയോക്താക്കളോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായി ജിയോ ഹോട്സ്റ്റാർ മാറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജിയോഹോട്സ്റ്റാർ ഇപ്പോൾ ചെയ്യാൻ സൗജന്യമാണെന്ന് കന്പനി അറിയിച്ചു. അതായത് ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഉള്ളടക്കം സബ്സ്ക്രിപ്ഷൻ ഇല്ലാതെ സ്ട്രീം ചെയ്യാൻ കഴിയും. തുടക്കത്തിൽ ഒരു പ്ലാനിലേക്ക് സബ്സ്ക്രൈബ് ചെയ്യുന്നതിനുമുന്പ് ഉപയോക്താക്കൾക്ക് സൗജന്യമായി പരിപാടികൾ കാണാൻ കഴിയുന്ന ഒരു ഹൈബ്രിഡ് മോഡൽ സ്വീകരിക്കുന്ന കാര്യം കന്പനി ആലോചിക്കുന്നുണ്ട്.
നിലവിലുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോസിനിമ വരിക്കാർക്ക് സൗജന്യ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും. ജിയോ സിനിമ അല്ലെങ്കിൽ ഡിസ്നി ഹോട്സ്റ്റാർ ഇവയിൽ ഏതെങ്കിലും വരിക്കാരായവർക്ക് ജിയോഹോട്സ്റ്റാറിലേക്കു സുഗമമായി മാറാനും അവരുടെ ജിയോഹോട്സ്റ്റാർ പ്ലാൻ സജ്ജീകരിക്കാനും കഴിയും.
ഡിസ്നി ഹോട്സ്റ്റാർ വാർഷിക പ്ലാൻ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ അത് 2025 സെപ്റ്റംബറിൽ പൂർത്തിയാകുകയാണെങ്കിൽ, ആ പ്ലാൻ അവസാനിക്കുന്നത് വരെ ജിയോഹോട്സ്റ്റാർ പ്ലാനിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യപ്പെടും. അതുപോലെ ജിയോസിനിമ ആപ്പ് ഉള്ളവർക്ക് പ്ലാൻ നിലനിൽക്കുന്നതു വരെ ജിയോഹോട്സ്റ്റാറിൽഅവരുടെ പ്ലാൻ ആസ്വദിക്കാനാകും.
നിലവിലുള്ള ഡിസ്നി+ഹോട്ട്സ്റ്റാർ സബ്സ് ക്രൈബർമാർക്ക് അവരുടെ നിലവിലെ പ്ലാനുകളായ മൊബൈൽ (149), സൂപ്പർ (299), പ്രീമിയം (പരസ്യരഹിതം) (499) എന്നിവ മൂന്ന് മാസത്തേക്ക് തുടരാനാകും.
അതേസമയം, ജിയോ സിനിമ പ്രീമിയം വരിക്കാരെ അവരുടെ പ്ലാനുകളുടെ ശേഷിക്കുന്ന കാലയളവിലേക്ക് ജിയോ ഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്ക് മാറ്റും.
ഐപിഎൽ കാണാൻ സബ്സ്ക്രിപ്ഷൻ വേണം
റിപ്പോർട്ട് പ്രകാരം, സബ്സ്ക്രിപ്ഷൻ ഇല്ലാതെ ആരാധകർക്ക് ഐപിഎൽ മത്സരത്തിന്റെ കുറച്ച് മിനിറ്റുകൾ മാത്രമേ കാണാൻ കഴിയൂ. സൗജന്യ മിനിറ്റുകൾ അവസാനിച്ചുകഴിഞ്ഞാൽ, 149 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളുള്ള ഒരു സബ്സ്ക്രിപ്ഷൻ പേജ് ദൃശ്യമാകും.
പുതിയ പ്ലാറ്റ്ഫോം ഹോളിവുഡ് സിനിമകളും എൻബിസി യൂണിവേഴ്സൽ പീക്കോക്ക്, വാർണർ ബ്രദേഴ്സ്, ഡിസ്കവറി, എച്ച്ബിഒ, പാരാമൗണ്ട് എന്നിവയിൽ നിന്നുള്ള സീരീസുകളും ഉൾപ്പെടെ വിപുലമായ ഉള്ളടക്കം വാഗ്ദാനം ചെയ്യും.
ഒന്നിലധികം ആഗോള സ്റ്റുഡിയോകളിൽ നിന്നുള്ള ഉള്ളടക്കം ഒരിടത്ത് അവതരിപ്പിക്കുന്ന ഇന്ത്യയിലെ ഏക പ്ലാറ്റ്ഫോമായി ജിയോഹോട്സ്റ്റാർ മാറി. വിനോദ ഉള്ളടക്കത്തിന് പുറമേ, ഐപിഎൽ, ഡബ്ല്യുപിഎൽ, ഐസിസി ഇവന്റുകൾ പോലുള്ള പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളും ഇംഗ്ലീഷ് പ്രീമിയർ ലീഗ്, വിംബിൾഡണ്, പ്രോ കബഡി, ഐഎസ്എൽ തുടങ്ങിയ കായിക മത്സരങ്ങളും പ്ലാറ്റ്ഫോം സ്ട്രീം ചെയ്യും.
ജിയോ ഹോട്സ്റ്റാർ പ്ലാനുകൾ
മൊബൈൽ ഒണ്ലി പ്ലാനുകൾ
സിംഗിൾ-ഡിവൈസ് ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്ലാനിൽ 3 മാസത്തേക്ക് 149 രൂപയും ഒരു വർഷത്തേക്ക് 499 രൂപ.
സൂപ്പർ പ്ലാൻ
ടിവികൾ, ലാപ്ടോപ്പുകൾ, മൊബൈൽ എന്നിവയുൾപ്പെടെ രണ്ട് ഉപകരണങ്ങൾ വരെ പിന്തുണയ്ക്കുന്നതാണ് ഈ പ്ലാൻ. മൂന്നു മാസത്തേക്ക് 299 രൂപയും ഒരു വർഷത്തേക്ക് 899 രൂപയുമാണ്.
പ്രീമിയം പ്ലാൻ (പരസ്യരഹിതം)
നാല് ഉപകരണങ്ങളിൽ (ടിവി, ലാപ്ടോപ്പ് അല്ലെങ്കിൽ മൊബൈൽ) സ്ട്രീമിങ് അനുവദിക്കുന്ന ഓപ്ഷനാണിത്. ഒരു മാസത്തേക്ക് 299 രൂപയും മൂന്നു മാസത്തേക്ക് 499 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയുമാണ്. സ്പോർട്സ് ഇവന്റുകൾ പോലുള്ള തത്സമയ ഉള്ളടക്കം ഒഴികെ ഇത് പൂർണമായും പരസ്യരഹിതമാണ്.