മെംബര്‍ വരും; കൈയില്‍ ടാബുമായി
Monday, February 17, 2025 12:18 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തംഗങ്ങളും നഗരസഭ, കോര്പറേഷന് അംഗങ്ങളും സ്മാര്‍ട്ടാകുന്നു.
കേരളത്തില്‍ ആദ്യമായി ത്രിതല പഞ്ചായത്തംഗങ്ങള്‍ക്കും നഗരസഭ, കോര്പറേഷന് കൗണ്‍സിലര്‍മാര്‍ക്കും ടാബ് വാങ്ങാന്‍ സര്‍ക്കാര്‍ വായ്പ അനുവദിക്കും. കൗണ്‍സില്‍ യോഗം അജണ്ട വ്യക്തമായി വായിച്ചു മനസിലാക്കുന്നതിനും പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങള്‍ ആഴത്തില്‍ പഠിക്കാനും ടാബ് സഹായകരമാകും.
കാലങ്ങളായി സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്പറേഷന് കൗണ്‍സില്‍ യോഗങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പായി അംഗങ്ങള്‍ക്കു യോഗത്തിലുള്ള അജണ്ടയുടെ പ്രിന്റ് കോപ്പികള്‍ സീറ്റില്‍ എത്തിച്ചു നല്‍കുകയാണ് രീതി.
അജണ്ടയുടെ അടിസ്ഥാനത്തിലാണ് ത്രിതല പഞ്ചായത്തിലെ അടിയന്തരശ്രദ്ധ പതിയേണ്ട വിവിധ വിഷയങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നത്. ഭരണ, പ്രതിപക്ഷ തര്‍ക്കം പതിവാകുന്ന സാഹചര്യത്തില്‍ സമയപരിധിമൂലം ചില വിഷയങ്ങളില്‍ തീരുമാനമുണ്ടാകുന്നില്ല. തുടര്‍നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയാണ് പതിവ്.
പലപ്പോഴും അജണ്ടയില്‍ ഇല്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ അനുമതിയായതോടെ തദ്ദേശസ്ഥാപന ജനപ്രതിനിധികള്‍ ഏറെയും ടാബുകള്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ്.
കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍മാര്‍ക്കു കൗണ്‍സില്‍ അജണ്ട വിഷയങ്ങള്‍ മനസിലാക്കാന്‍ ടാബ് അനുവദിക്കണമെന്നാവശ്യപ്പെട്ടു തദ്ദേശ അദാലത്തില്‍ കോര്‍പറേഷന്റെ നികുതി അപ്പീല്‍ സ്ഥിരം സമിതി ചെയര്‍മാനാണ് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്നു സര്‍ക്കാര്‍ വിഷയം വിശദമായി പരിശോധിച്ചു വായ്പ അനുവദിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.