ഒറ്റ ആഴ്ച്ചയിൽ നിക്ഷേപകർക്ക് 25.31 ലക്ഷം കോടി രൂപയുടെ നഷ്ടം
Monday, February 17, 2025 12:18 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
ഓഹരി വിപണിയിലെ തകർച്ചയ്ക്ക് ആക്കം കൂടി. ബാധ്യതകൾ ഒഴിവാക്കാൻ വിദേശഫണ്ടുകൾ കാണിച്ച തിടുക്കത്തിൽ മുൻനിര ഇൻഡക്സുകളുടെ കാലിടറി, ഒറ്റ ആഴ്ച്ചയിൽ രണ്ടര ശതമാനം ഇടിവ് നേരിട്ടു. രണ്ട് വർഷത്തിനിടയിൽ ആദ്യമായി തുടർച്ചയായി എട്ട് ദിവസങ്ങളിൽ സൂചിക തളർന്നതിനിടയിൽ നിക്ഷേപകരുടെ സമ്പത്തിൽ 25.31 ലക്ഷം കോടി രൂപയുടെ നഷ്ടം.
രൂപയുടെ മൂല്യത്തകർച്ചയും ഓഹരി സൂചികയുടെ ഇടിവും മൂലം പതിനാല് മാസത്തിനിടെ ആദ്യമായി ഇന്ത്യയുടെ വിപണി മൂലധനം നാല് ട്രില്യൺ ഡോളറിൽ താഴ്ന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയുടെ മൂലധനത്തിൽ ഈ വർഷം ഏകദേശം 18 ശതമാനം ഇടിവ്. സിംബാബ്വേയും ഐസ്ലൻഡുമാണ് തൊട്ടുപിന്നിൽ.
രാജ്യത്തിന്റെ മൊത്തം വിപണി മൂലധനം ഇപ്പോൾ 3.99 ട്രില്യൺ ഡോളറാണ്, 2023 ഡിസംബറിലെ ഉയർന്ന അവസ്ഥയായ 5.14 ട്രില്യൺ ഡോളറിൽ എത്തിയ ശേഷമാണ് ഇപ്പോൾ വൻ തകർച്ചയിലേക്കു നീങ്ങുന്നത്. അന്ന് ഏഴ് ട്രില്യൻ ഡോളറിലേക്കു കുതിക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു.
ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം ഏകദേശം 1.5 ശതമാനം ഇടിഞ്ഞു, ഇന്തോനേഷ്യൻ റുപ്പിയ കഴിഞ്ഞാൽ ഏഷ്യൻ നാണയങ്ങളിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഇന്ത്യൻ രൂപയ്ക്കാണ്. വിദേശ ഫണ്ടുകൾ വില്പനയ്ക്ക് കാണിച്ച തിടുക്കമാണ് സൂചികയെ അടിമുടി ഉഴുതു മറിച്ചത്. അതേസമയം അമേരിക്ക വിപണി മൂലധനത്തിൽ മൂന്നു ശതമാനവും ചൈനയും ജപ്പാനും രണ്ടു ശതമാനവും ഉയർന്നു. ഹോങ്കോംങ്, കാനഡ, ബ്രിട്ടൻ, ഫ്രാൻസ് വിപണികളിലും ഉണർവ്.
നിഫ്റ്റി മുൻവാരത്തിലെ 23,559 പോയിന്റിൽനിന്നും കൂടുതൽ മുന്നേറാൻ നടത്തിയ ശ്രമം വിജയിക്കാഞ്ഞതോടെ ഫണ്ടുകൾ വില്പനയിൽ പിടിമുറുക്കി. കഴിഞ്ഞവാരം വ്യക്തമാക്കിയ ആദ്യ സപ്പോർട്ടായ 22,948ലെ താങ്ങും തകർത്ത് നിഫ്റ്റി ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 22,774.85ലേക്ക് ഇടിഞ്ഞു.
ഈ തകർച്ച പ്രാദേശിക നിക്ഷേപകരിൽ ഭയവും ആശങ്കയും ഉളവാക്കി. ഒരു വിഭാഗം ഓപ്പറേറ്റർമാർ ലോംഗ് പൊസിഷനുകൾ കുറച്ച് ഷോർട്ട് സെല്ലിംഗിലേക്ക് ചുവടുമാറ്റി. താഴ്ന്ന റേഞ്ചിൽനിന്നുള്ള തിരിച്ചുവരവിൽ സപ്പോർട്ടായ 22,948 പോയിന്റിനടുത്ത് വിപണിക്ക് ലാൻഡിംഗിന് അവസരം ലഭിച്ചു. ഈവാരം താങ്ങ് 22,634-22,339 പോയിന്റുകളിലാണ്. അനുകൂല വാർത്തകൾക്ക് സൂചികയെ 23,364ലേക്കും തുടർന്ന് 23,799ലേക്കും ഉയർത്താനാകും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പെടുന്നനെ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാനാവില്ല.
മറ്റ് സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ സൂപ്പർ ട്രെന്റും, പാരാബോളിക്ക് എസ്എആർ സെല്ലിംഗ് മൂഡിലായി, കഴിഞ്ഞവാരം സൂചിപ്പിച്ചതാണ് വീക്കിലി ചാർട്ടിൽ എംഎസിഡി കൂടുതൽ ദുർബലാവസ്ഥയിലേക്കു നീങ്ങുമെന്ന്. കനത്ത വില്പനയ്ക്കിടയിൽ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ സോൾഡായി.
നിഫ്റ്റി ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് നീക്കങ്ങൾ ബെയറിഷാണ്. നിഫ്റ്റി ഫെബ്രുവരി 2.7 ശതമാനം നഷ്ടത്തിൽ 22,972ലാണ്. മുന്നേറാൻ ക്ലേശിച്ചതോടെ പുതിയ ഷോർട്ട് പൊസിഷനുകൾക്ക് ഓപ്പറേറ്റർമാർ ഉത്സാഹിച്ചു. വാരാന്ത്യം നിഫ്റ്റി ഫ്യൂച്ചേഴ്സ് ഓപ്പൺ ഇന്ററസ്റ്റ് 194 ലക്ഷം കരാറുകളായി ഉയർന്നു. സെല്ലിംഗ് മൂഡിലായതിനാൽ 22,800-22,400 റേഞ്ചിനെ ഉറ്റ്നോക്കാം. മുന്നേറാൻ ശ്രമിച്ചാൽ നിഫ്റ്റി ഫ്യൂച്ചറിന് 23,250ൽ തടസമുണ്ട്.
സെൻസെക്സ് 77,860 പോയിന്റിൽനിന്നും തളർച്ചയോടെയാണ് ഇടപാടുകൾ തുടങ്ങിയത്. വിദേശ ഫണ്ടുകൾ വില്പനയ്ക്ക് കാണിച്ച തിടുക്കത്തിൽ സൂചിക 75,388ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം സെൻസെക്സ് അൽപ്പം മെച്ചപ്പെട്ട് 75,858 പോയിന്റിലാണ്. ഈ വാരം വില്പന സമ്മർദം തുടർന്നാൽ 74,946-74,034ൽ സപ്പോർട്ട് പ്രതീക്ഷിക്കാം. മുന്നേറാൻ ശ്രമിച്ചാൽ 77,212-78,566ൽ പ്രതിരോധമുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങൾ 19,001 കോടി രൂപയുടെ ഓഹരികൾ വിറ്റു, ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസങ്ങളിലും നിക്ഷപകരായി നിലകൊണ്ട് മൊത്തം 17,742 കോടി രൂപ നിക്ഷേപിച്ചു. രൂപ 87.43ൽനിന്നും ഒരുഘട്ടത്തിൽ റിക്കാർഡ് തകർച്ചയിൽ 87.95ലേക്ക് ദുർബലമായെങ്കിലും വാരാന്ത്യം കരുത്ത് നേടി 86.83ലാണ്.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ മൂല്യം 86.50-87.00 റേഞ്ചിലേക്ക് ശക്തിപ്രാപിക്കാം, എന്നാൽ, ഡോളർ സൂചികയുടെ ചലനങ്ങൾ ഹ്രസ്വകാലയളവിലേക്ക് വീക്ഷിച്ചാൽ രൂപ 88.00-89.00ലേക്ക് ദുർബലമാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല.
ആഗോളതലത്തിൽ സ്വർണത്തിന് ശക്തമായ മുന്നേറ്റം. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2860 ഡോളറിൽനിന്നും 2900ലെ നിർണായക പ്രതിരോധം ഭേദിച്ച് റിക്കാർഡായ 2942 ഡോളർ വരെ ഉയർന്നു. ഈഘട്ടത്തിൽ ഡോളർ സൂചികയിലെ ചാഞ്ചാട്ടം കണ്ട് ഒരു വിഭാഗം ലാഭമെടുപ്പിന് ഇറങ്ങിയതോടെ 2867 ഡോളറിലേക്ക് ഇടിഞ്ഞു.
പെടുന്നനെ താഴ്ന്ന വില ലഭ്യമായത് പുതിയ നിക്ഷേപകരെ ആകർഷിച്ചതിനാൽ തളർച്ചയിൽനിന്നും അതേ വേഗതയിൽ മഞ്ഞലോഹം തിരിച്ചു കയറിയെങ്കിലും റിക്കാർഡ് തകർക്കാനാവാതെ 2940ൽ കാലിടറി, വാരാന്ത്യം 2882 ഡോളറിലാണ്.
നിലവിൽ 2801ലെ സപ്പോർട്ട് നിലനിൽക്കുവോളം ബുള്ളിഷ് മനോഭാവത്തിൽ മാറ്റം വരില്ലെങ്കിലും ഈ താങ്ങ് നഷ്ടപ്പെട്ടാൽ ഹ്രസ്വകാലയളവിൽ 2554ലേക്ക് തിരുത്തലിന് ശ്രമിക്കും. ദീർഘകാലയളവിലേക്ക് വീക്ഷിച്ചാൽ സ്വർണം 3000 ഡോളർ മറികടക്കുക തന്നെ ചെയ്യും.