നഗര തൊഴിലില്ലായ്മ നിരക്കിൽ മാറ്റമില്ല
Tuesday, February 18, 2025 11:39 PM IST
ന്യൂഡൽഹി: സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നടപ്പു സാന്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ നഗര തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടർന്നു. 6.4 ശതമാനത്തിലാണ് നഗര തൊഴിലില്ലായ്മ നിരക്ക്. നാഷണൽ സാന്പിൾ സർവേ (എൻഎസ്എസ്ഒ) ആണ് കണക്ക് പുറത്തുവിട്ടത്.
ഒക്ടോബർ-ഡിസംബർ കാലയളവിൽ പുരുഷ തൊഴിലില്ലായ്മ മുൻ പാദത്തെ 5.7 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി ഉയർന്നപ്പോൾ, സ്ത്രീകളുടെ തൊഴിലില്ലായ്മ ഈ സാന്പത്തിക വർഷത്തിൽ 8.4 ശതമാനത്തിൽ നിന്ന് 8.1 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷമിത് 8.6 ശതമാനത്തിലായിരുന്നു.
ജനുവരി 31-ന് പുറത്തിറക്കിയ സാന്പത്തിക സർവേയിൽ കാർഷികേതര മേഖലയിൽ ഓരോ വർഷവും 78 ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത വ്യക്ത മാക്കിയിരുന്നു.
ആനുകാലിക ലേബർ ഫോഴ്സ് സർവേ ഡാറ്റ പ്രകാരം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ ഇടിവ് ആശങ്കപ്പെടുത്തുന്നതാണ്.
കോവിഡ് മഹാമാരിക്കു ശേഷമുള്ള മുൻ പാദത്തിൽ നിന്ന് ആദ്യമായി സ്ത്രീ തൊഴിൽ പങ്കാളിത്തം 25.5 ശതമാനത്തിൽ നിന്ന് 25.2 ശതമാനമായി കുറഞ്ഞു.
മൂന്നാം പാദത്തിലും സ്ഥിര ശന്പളത്തിൽ ജോലി ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. സ്ഥിര ശന്പളമുള്ള ജോലിയിലെ തൊഴിലാളികളുടെ അനുപാതം നഗരപ്രദേശങ്ങളിൽ 49.4 ശതമാനമായി തുടരുന്നു.
കൂടുതൽ ആളുകൾ മൂന്നാമത്തെ തൊഴിൽ മേഖലയിലേക്കു കടന്നിരിക്കുന്നതിനാൽ ദ്വിതീയ മേഖലയിലെ തൊഴിലാളികളുടെ എണ്ണം മുൻ പാദത്തിലെ 32.3 ശതമാനത്തിൽ നിന്ന് 31.8 ശതമാനമായി കുറഞ്ഞു. ഒരു വർഷം മുന്പ് 32.1 ശതമാനമായിരുന്നു.
ഉത്പാദനമേഖലയിൽ ഈ വർഷം വളർച്ച കുറവാണ്. 2024 സാന്പത്തിക വർഷത്തിലെ 9.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി കുറയുമെന്നാണ് പ്രവചനം. തൃതീയ മേഖല മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷയിലാണ്. മുന്പുണ്ടായിരുന്ന 7.6 ശതമാനത്തിൽനിന്ന് 7.2 ശതമാനത്തിലെത്തിയേക്കും.