നേരിയ നേട്ടത്തിൽ വിപണി
Tuesday, February 18, 2025 12:35 AM IST
മുംബൈ: തുടർച്ചയായ എട്ടു ദിവസത്തെ നഷ്ടങ്ങൾക്കുശേഷം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ നഷ്ടത്തിലായിരുന്ന വിപണി അവസാന മണിക്കൂറിലാണ് നേട്ടത്തിൽ തിരിച്ചുവന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസെർവ്, ശ്രീറാം ഫിനാൻസ് എന്നിവയുടെ ഓഹരികൾ അവസാന മണിക്കൂറുകളിൽ വാങ്ങിക്കൂട്ടിയതാണ് ഓഹരി വിപണികൾക്കു നേട്ടമായത്. ഓട്ടോ, ഐടി, ടെലികോം, മീഡിയ എന്നിവയുടെ ഓഹരികൾക്ക് ഇന്നലെ നഷ്ടമുണ്ടായപ്പോൾ ഫാർമ, പൊതുമേഖല ബാങ്ക്, ഉപഭോഗ വസ്തുക്കൾ, മെറ്റൽ എന്നിവയുടെ ഓഹരികൾ നേട്ടത്തിലെത്തി.
അഡാനി എന്റർപ്രൈസസ്, അഡാനി പോർട്ട്സ്, പവർ ഗ്രിഡ്, അൾട്രാ ടെക് എന്നിവയുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭരതി എയർടെൽ, വിപ്രോ, ടിസിഎസ്, ഇൻഫോസിസ് എന്നിവയാണ് നഷ്ടം നേരിട്ടവരിൽ പ്രമുഖർ.
ഇന്നലെ വ്യാപാരം പൂർത്തിയാകുന്പോൾ സെൻസെക്സ് 57.65 പോയിന്റ് ഉയർന്ന് 75,996.86ലും നിഫ്റ്റി 30.25 പോയിന്റ് നേട്ടത്തിൽ 22,959.50 പോയിന്റിലുമെത്തി. വ്യാപാരം നടത്തിയ ആകെ ഓഹരികളിൽ 1286 എണ്ണം മുന്നേറിയപ്പോൾ 2625 എണ്ണം നഷ്ടത്തിലായി. 135 എണ്ണത്തിൽ മാറ്റമുണ്ടായില്ല.
ലാർജ് കാപ്, മിഡ്കാപ് സൂചികകൾ വ്യാപാരത്തിനിടെയിലെ നഷ്ടത്തിൽനിന്നു കരകയറിയപ്പോൾ ബിഎസ്ഇ സ്മോൾകാപ് സൂചികൾ നഷ്ടത്തിയായി. എന്നാൽ ബിഎസ്ഇ മിഡ്കാപ് 0.5 ശതമാനം നേട്ടത്തിലെത്തി.
നേരിയ തിരിച്ചുവരവ് ഉണ്ടായെങ്കിലും, വിപണികളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. വിദേശനിക്ഷേപകരുടെ നിരന്തരമായ വിൽപ്പന, രൂപയുടെ ചാഞ്ചാട്ടം, യുഎസ് താരിഫുകളെക്കുറിച്ചുള്ള പേടി, ആഗോള വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് ഇന്ത്യൻ വിപണി നേരിടുന്ന പ്രതിസന്ധികൾ. കന്പനികളുടെ മൂന്നാംപാദ വരുമാനത്തിലുണ്ടായ ഇടിവ് ഇന്ത്യൻ വിപണിയെ ബാധിക്കുന്നുണ്ട്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഫാർമ (1.27%) ആണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി എനർജി, നിഫ്റ്റി ഇൻഫ്ര, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പിഎസ് യു ബാങ്ക് എന്നിവയും മുന്നേറി. എന്നാൽ നിഫ്റ്റി ഐടി, നിഫ്റ്റി മീഡിയ, നിഫ്റ്റി എഫ്എംസിജി എന്നിവയുടെ സൂചികകൾക്ക് നഷ്ടം നേരിട്ടു.
നേട്ടമുണ്ടാക്കി മണപ്പുറം
കേരളത്തിനിന്നുള്ള നോണ് ബാങ്കിംഗ് സ്ഥാപനമായ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ വൻ നേട്ടമാണുണ്ടാക്കിയത്. മണപ്പുറം ഫിനാൻസിന്റെ ഓഹരികൾക്ക് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ (എഫ്&ഒ) കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താത്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ താത്കാലിക വിലക്ക് പിൻവലിച്ചതിനു പിന്നാലെയാണ് കുതിപ്പ് നടത്തിയത്.
ബിഎസ്ഇയിൽ 182.05 രൂപയിൽ വ്യാപാരം തുടങ്ങിയ മണപ്പുറത്തിന്റെ ഓഹരികൾ 8.23 ശതമാനം ഉയർന്ന് ഒരു ഓഹരിക്ക് 193.29 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. കേരളത്തിൽനിന്നുള്ള മറ്റ് ബാങ്കിതര സ്ഥാപനങ്ങൾക്ക് നേട്ടമുണ്ടാക്കാനായില്ല. മുത്തൂറ്റ് ഫിനാൻസ് 0.57 ശതമാനവും മുത്തൂറ്റ് മൈക്രോഫിൻ 4.07 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.