ലാഭവഴിയിൽ ബിഎസ്എൻഎൽ
Sunday, February 16, 2025 12:18 AM IST
ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കന്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 17 വർഷത്തിനുശേഷം ആദ്യമായി ലാഭത്തിൽ. 2024-25 സാന്പത്തികവർഷത്തിലെ മൂന്നാം പാദമായ ഒക്ടോബർ-ഡിസംബറിൽ 262 കോടി രൂപയുടെ ലാഭമാണ് ബിഎസ്എൻഎൽ നേടിയത്. 2007നുശേഷം ആദ്യമായാണ് ബിഎസ്എൻഎൽ ലാഭം നേടുന്നത്.
ലാഭം നേടിയതിനെ കന്പനിയുടെ സുപ്രധാനമായ വഴിത്തിരിവെന്നാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശേഷിപ്പിച്ചത്. സേവന വിപുലീകരണം, ചെലവ് ചുരുക്കൽ നടപടികൾ, വർധിച്ചുവരുന്ന വരിക്കാരുടെ എണ്ണം എന്നിവയാണ് ബിഎസ്എൻഎലിന്റെ പുനരുജ്ജീവനത്തിനു കാരണമായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയത്.
1800 കോടിയിലധികം രൂപയുടെ നഷ്ടം നികത്തിക്കൊണ്ടാണ് ബിഎസ്എൻഎലിന്റെ ഉയിർത്തെഴുന്നേല്പ്. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ചു മൊബിലിറ്റി സേവനങ്ങളുടെ വരുമാനം 15 ശതമാനമായും ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) വരുമാനം 18 ശതമാനമായും മറ്റു ടെലികോം കന്പനികളിൽനിന്നുള്ള ലീഡ്സ് ലൈൻ വരുമാനം 14 ശതമാനമായും ബിഎസ്എൻഎലിന് വർധിപ്പിക്കാൻ കഴിഞ്ഞു.
കഴിഞ്ഞ ജൂണിലെ 8.4 കോടിയിൽനിന്ന് ഒന്പതു കോടിയിലേക്ക് ഡിസംബറിൽ ബിഎസ്എൻഎൽ വരിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. നവീകരണം, നെറ്റ്വർക്ക് വിപുലീകരണം, ചെലവുചുരുക്കൽ, സേവനത്തിലെ നിലവാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ് ബിഎസ്എൻഎലിനു ലാഭം കൊയ്യാൻ കഴിഞ്ഞതെന്ന് 2024-25 സാന്പത്തിക വർഷത്തിലെ മൂന്നാം പാദ റിപ്പോർട്ട് അടിവരയിടുന്നുണ്ട്.
സേവനം മെച്ചപ്പെടുത്തുന്നതിനായി ബിഎസ്എൻഎൽ നിരവധി ആകർഷകമായ ഓഫറുകൾ വരിക്കാർക്കായി മുന്നോട്ടുവച്ചിരുന്നു. ദേശീയതലത്തിൽ വൈഫൈ റോമിംഗ്, 450ലധികം ലൈവ് ടിവി ചാനലുകളും സിനിമകളും സീരിയലുകളും ബിഎസ്എൻഎൽ ഉപയോക്താക്കൾക്കു ലഭ്യമാക്കുന്ന ബൈടിവി (ബിഎസ്എൻഎൽ ലൈവ് ടിവി), എഫ്ടിടിഎച്ച് ഉപയോക്താക്കൾക്കായുള്ള ഇന്റഗ്രേറ്റഡ് ഫ്രീ ടിവി (ഐഎഫ്ടിവി) തുടങ്ങിയ ഓഫറുകൾ ബിഎസ്എൻഎലിന്റെ ലാഭത്തിനു നിർണായക ഘടകമായി.
സാന്പത്തികവർഷത്തിലെ മൂന്നാം പാദത്തിലെ ലാഭം ബിഎസ്എൻഎലിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് നിർണായക ചവിട്ടുപടിയാണ്. രാജ്യവ്യാപകമായി 4ജി സേവനം ലഭ്യമാക്കുന്നതിനാണ് ബിഎസ്എൻഎൽ നിലവിൽ പ്രാധാന്യം നൽകുന്നത്.
ഇതിനായി 1,00,000 ടവറുകളാണ് ബിഎസ്എൻഎൽ രാജ്യവ്യാപകമായി നിർമിക്കുന്നത്. ഇതിൽ 75,000 ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞെന്നും 60,000 ടവറുകൾ കമ്മീഷൻ ചെയ്തുകഴിഞ്ഞെന്നും ഈ വർഷം ജൂണോടെ എല്ലാ ടവറുകളും പ്രവർത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.