ആദ്യദിനം മഹീന്ദ്ര ഇവികൾ നേടിയത് 8,472 കോടിയുടെ ഓർഡർ
Monday, February 17, 2025 12:18 AM IST
ന്യുഡൽഹി: തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്യുവികളുടെ ബുക്കിംഗിൽ വന്പൻ നേട്ടവുമായി മഹീന്ദ്ര. എക്സ് ഇവി 9ഇ, ബിഇ 6 എന്നീ ഇലക്ട്രിക് എസ്യുവികളാണ് ആദ്യദിവസം തന്നെ ബുക്കിംഗിൽ നേട്ടമുണ്ടാക്കിയത്. വാഹനങ്ങൾ പുറത്തിറങ്ങിയ ആദ്യ ദിനമായ ഫെബ്രുവരി 14ന് രണ്ട് വണ്ടികൾക്കുമായി 30,179 ബുക്കിംഗുകളാണ് ലഭിച്ചത്.
മൊത്തം ഓർഡറുകളുടെ 56 ശതമാനം പ്രീ-ബുക്കിംഗുകൾ എക്സ് ഇവി 9ഇക്ക് ലഭിച്ചു, ബാക്കി 44 ശതമാനം ബിഇ 6നുള്ളതാണ്. ഇന്ത്യയിൽ ആദ്യദിനം ഏറ്റവും കൂടുതൽ ബുക്ക് ചെയ്യപ്പെട്ട ഇവിയെന്ന റിക്കാർഡ് മഹീന്ദ്ര എക്സ് ഇവി 9ഇ സ്വന്തമാക്കി. 15,000ത്തിലേറെ ബുക്കിംഗുമായി ഈ റിക്കാഡ് നേരത്തേ എംജി വിൻഡ്സർ ഇവിയുടെ പക്കലായിരുന്നു.
ആദ്യ ദിനം 9ഇക്ക് 16,900 ഓർഡറുകളും ബിഇ 6ന് 13,279 ഓർഡറുകളും ലഭിച്ചു. കന്പനി ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഈ നേട്ടം പങ്കുവച്ചത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹനവില്പന ഇപ്പോഴും അത്രകണ്ട് ഉയർന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ വൻ ബുക്കിംഗ് നേടിയത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെ നിലവിലുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങളെക്കാൾ കേമന്മാരാണ് മഹീന്ദ്രയുടെയുടെ പുതിയ വാഹനങ്ങൾ. 59,79 കിലോവാട്ട് ബാറ്ററി പായ്ക്കാണ് എക്സ് ഇവിയുടേത്. ഒറ്റത്തവണ ചാർജ് ചെയ്താൽ യഥാക്രമം 542, 656 കിലോമീറ്ററുകൾ ഓടുമെന്നാണ് കന്പനിയുടെ അവകാശവാദം.