ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: പുതുപദ്ധതികളിൽ കണ്ണുനട്ട് സമുദ്രമേഖല
Tuesday, February 18, 2025 11:39 PM IST
കൊച്ചി: സംസ്ഥാനത്ത് സമുദ്രമേഖലയുടെ നവീകരണവും വളർച്ചയും ലക്ഷ്യമാക്കുന്ന പുതിയ പദ്ധതികൾക്ക് കൊച്ചിയിൽ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി (ഐകെജിഎസ് 2025) ദിശാസൂചികയാകുമെന്നു പ്രതീക്ഷ.
മാരിടൈം മേഖലയുടെ കുതിപ്പും മത്സരക്ഷമതയും വര്‍ധിപ്പിക്കൽ, കപ്പല്‍ നിര്‍മാതാക്കളുമായും ടെക്നോളജി സേവനദാതാക്കളുമായുള്ള സഹകരണസാധ്യതകൾ എന്നിവ സംബന്ധിച്ചു ചർച്ച ചെയ്യാൻ ഉച്ചകോടിയിൽ പ്രത്യേക സെഷൻ ഉണ്ടാകും.
ഉദ്ഘാടനദിവസം സമുദ്രമേഖലയെ സംബന്ധിച്ചു പ്രത്യേക സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമീപഭാവിയില്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റുമെന്ന് കരുതപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തുൾപ്പെടെ ഈ രംഗത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികൾ ഉച്ചകോടി ചർച്ച ചെയ്യും.
എഐ, റോബോട്ടിക്സ് എന്നിവ ഉപയോഗിച്ചു കപ്പല്‍ നിര്‍മാണത്തിന്റെ ചെലവ് കുറയ്ക്കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക, സുരക്ഷ ഉറപ്പാക്കുക എന്നിവ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്ന് സംഘാടകർ വ്യക്തമാക്കി.
21 , 22 തീയതികളിൽ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി വിഴിഞ്ഞം കോണ്‍ക്ലേവ് സംഘടിപ്പിച്ചിരുന്നു.