തരംഗമാകാൻ റോഡ്സ്റ്റർ
Friday, February 14, 2025 11:49 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
പെട്രോൾ യുഗത്തിന് അവസാനമിടുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഓല കഴിഞ്ഞ ദിവസമാണ് റോഡ്സ്റ്റർ എക്സ് സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. വന്പൻമാർ കൊടികുത്തിവാഴുന്ന സെഗ്മെന്റിലേക്ക് രണ്ടും കൽപ്പിച്ചാണ് വരവ്.
കുറഞ്ഞ വിലയിൽ ഇലക്ട്രിക് ബൈക്കുകൾ നിരത്തിലിറക്കി വിപണി പിടിക്കുകയാണ് ലക്ഷ്യം. അതിന് പറ്റിയ തുറുപ്പുചീട്ടാണ് ഓല പുറത്തിറക്കിയിരിക്കുന്നതും. റോഡ്സ്റ്റർ എക്സ്, റോഡ്സ്റ്റർ എക്സ് പ്ലസ് എന്നിവയാണ് പുതുതായി പുറത്തിറക്കിയ രണ്ട് വേരിയന്റുകൾ. പെട്രോൾ ബൈക്കിന് പ്രതിമാസം 4000 രൂപ ചെലവിടുന്പോൾ ഇലക്ട്രിക് ബൈക്കിന് 500 രൂപ മാത്രം മതിയെന്നാണ് കന്പനിയുടെ അവകാശവാദം.
ബാറ്ററി പായ്ക്കുകൾ
2.5 കിലോവാട്ട്, 3.5 കിലോവാട്ട്, 4.5 കിലോവാട്ട് എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് ഒാല റോഡ്സ്റ്റർ എക്സ് പുറത്തിറക്കിയിരിക്കുന്നത്. 4.5 കിലോവാട്ട്, 9.1 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് റോഡ്സ്റ്റർ എക്സ് പ്ലസ് ലഭ്യമാവുക. റോഡ്സ്റ്റർ എക്സിന്റെ പ്രാരംഭവില (എക്സ് ഷോറൂം) 74,999 രൂപയും റോഡ്സ്റ്റർ എക്സ് പ്ലസിന്റെ പ്രാരംഭവില 1.04 ലക്ഷം രൂപയുമാണ്.
റോഡ്സ്റ്റർ എക്സിന്റെ മൂന്ന് ബാറ്ററി പായ്ക്കുകൾക്ക് 252 കിലോമീറ്റർ റേഞ്ചും റോഡ്സ്റ്റർ എക്സ് പ്ലസിന്റെ രണ്ട് ബാറ്ററി പായ്ക്കുകൾക്ക് 501 കിലോമീറ്റർ റേഞ്ചും നൽകാൻ കഴിയും.
പെർഫോമൻസ്
ഏഴ് കിലോവാട്ട് പീക്ക് പവർ ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് റോഡ്സ്റ്റർ എക്സിൽ നൽകിയിരിക്കുന്നത്. മണിക്കൂറിൽ 118 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാൻ ഈ മോട്ടോറിനാകും. വെറും 3.1 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗതയിൽ വാഹനം കുതിക്കും.
അതേസമയം 11 കിലോവാട്ട് പീക്ക് പവർ ഉത്പാദിപ്പിക്കുന്ന മിഡ്-ഡ്രൈവ് മോട്ടോറുകളാണ് റോഡ്സ്റ്റർ എക്സ് പ്ലസിൽ നൽകിയിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 125 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം. വെറും 2.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത വാഹനം കൈവരിക്കും.
ഫീച്ചറുകൾ
4.3 ഇഞ്ച് എൽസിഡി സെഗ്മെന്റ്ഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്ലാന്പ്, ഇൻഡിക്കേറ്ററുകൾ, പിൻ ലൈറ്റുകൾ ഉൾപ്പെടെയുള്ള എൽഇഡി ലൈറ്റിംഗുകൾ, ഇക്കോ-നോർമൽ-സ്പോർട്സ് എന്നീ മൂന്ന് റൈഡ് മോഡുകൾ, അഡ്വാൻസ്ഡ് റീജെൻ, ക്രൂയിസ് കണ്ട്രോൾ, ടിപിഎംഎസ് (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം) അലേർട്ടുകൾ, റിവേഴ്സ് മോഡ്, ഒടിഎ അപ്ഡേറ്റുകൾ, ജിപിഎസ് കണക്റ്റിവിറ്റി, പ്രെഡിക്റ്റീവ് മെയിന്റനൻസ്, വെക്കേഷൻ മോഡ് എന്നിവയാണ് ഫീച്ചറുകൾ.
സെഗ്മെന്റിലെ ആദ്യ ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യ, എംസിയു, ഐപി 67 റേറ്റിംഗുള്ള ബാറ്ററി എന്നിവയുമായി സംയോജിപ്പിച്ച മിഡ്-ഡ്രൈവ് മോട്ടോർ ഉണ്ട്. കൂടാതെ, ക്ലട്ടർ-ഫ്രീ ആക്കുന്നതിനായി ഫ്ലാറ്റ് കേബിളുമായാണ് റോഡ്സ്റ്റർ എക്സ് സീരീസ് ബൈക്കുകൾ വരുന്നത്.
ഡിസൈൻ
അടുത്തിടെ പുറത്തിറക്കിയ ഓല ജെൻ 3 പ്ലാറ്റ്ഫോമിലാണ് റോഡ്സ്റ്റർ എക്സ് സീരീസ് നിർമിച്ചിരിക്കുന്നത്. വളരെ ലളിതമായ തീമാണ് ബൈക്കിന് നൽകിയിരിക്കുന്നത്. മികച്ച എയ്റോഡൈനാമിക്സിനായി ഷാർപ്പായി ഡിസൈൻ ചെയ്ത അരികുകളുള്ള ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണുള്ളത്. എക്സ് പ്ലസ് വേരിയന്റിൽ ബോഡി കളറിൽ ഒാല ഗ്രാഫിക്സ് നൽകിയിട്ടുണ്ട്.
സെറാമിക് വൈറ്റ്, പൈൻ ഗ്രീൻ, ഇൻഡസ്ട്രിയൽ സിൽവർ, സ്റ്റെല്ലാർ ബ്ലൂ, ആന്ത്രാസൈറ്റ് എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളിലായിരിക്കും രണ്ട് മോഡലുകളും ലഭ്യമാവുക.
ഇരുമോഡലുകളുടെയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ബൈക്കുകൾ മാർച്ച് പകുതിയോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.