വിദേശ നിക്ഷേപകർ പിന്മാറുന്നു
Sunday, February 16, 2025 12:18 AM IST
മുംബൈ: 2025ൽ ഇന്ത്യൻ ഓഹരി വിപണികളിൽനിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായി തുടരുന്നു. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപർ വിറ്റത്.
നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്ഡിഎൽ) കണക്കുകൾ പ്രകാരം, വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐകൾ) 2025ൽ ഒന്നര മാസത്തിനുള്ളിൽ 99,299 കോടി രൂപയുടെ ഓഹരി വിറ്റു.
ഫെബ്രുവരിയിലും വിൽപന സമ്മർദ്ദം ശക്തമായിരുന്നു. ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 14 വരെയുള്ള ആഴ്ചയിൽ മാത്രം 13,930.48 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഇതോടെ ഫെബ്രുവരിയിലെ മൊത്തം വിൽപ്പന 21,272 കോടി രൂപയായി. ജനുവരിയിൽ എഫ്പിഐകൾ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 78,027 കോടി രൂപ പിൻവലിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ 15,446 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യൻ ഓഹരി വിപണിയിൽ എഫ്പിഐകൾ നടത്തിയത്. എന്നാൽ 2024ൽ എഫ്പിഐകൾ ഇന്ത്യൻ ഇക്വിറ്റികളിലെ വാങ്ങൽ മൂല്യം 427 കോടിയായി കുറഞ്ഞു.
വിദേശ നിക്ഷേപകർ തുടർച്ചയായി വിൽപന നടത്തുന്നത് വിപണികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ആഗോള അനിശ്ചിതത്വങ്ങൾ, വർധിച്ചുവരുന്ന യുഎസ് ബോണ്ട് വരുമാനം, ജിയോപൊളിറ്റിക്കൽ ആശങ്കൾ എന്നിവ ഈ വിൽപ്പന പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിൽ ചിലതാണ്.
ഡോണൾഡ് ട്രംപ് യുഎസിന്റെ പ്രസിഡന്റായി തിരിച്ചെത്തിയത് അമേരിക്കൻ സന്പദ്വ്യവസ്ഥയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇത് വിൽപ്പനയുടെ ആക്കം കൂട്ടി. ട്രംപിന്റെ നേതൃത്വത്തെ യും ബിസിനസ് അനുകൂല നിലപാടുകളും ശരാശരി അമേരിക്കക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും യുഎസിനെ നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ സ്ഥലമാക്കി മാറ്റി.
കൂടാതെ, നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിലേക്ക് മാറുന്നതിനാൽ ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിൽ നിന്നുള്ള ഒഴുക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്.
2024ൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിൽ (എഫ്പിഐ) രാജ്യം വലിയ ഇടിവ് നേരിട്ടു. നിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച് 99 ശതമാനം കുറഞ്ഞു.