ഇന്ത്യയുടെ മൊബൈൽ ഫോണ് കയറ്റുമതി വൻ നേട്ടത്തിൽ
Tuesday, February 18, 2025 11:39 PM IST
മുംബൈ: ഇന്ത്യയുടെ മൊബൈൽ ഫോണ് കയറ്റുമതി ഈ വർഷം ജനുവരിയിൽ 25,000 കോടി രൂപ കടന്നു. 2025 സാന്പത്തിക വർഷത്തേക്കുള്ള സഞ്ചിത കയറ്റുമതി 1.80 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനം ഉയർച്ചയാണിത്. 2021 സാന്പത്തിക വർഷത്തിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീം അവതരിപ്പിച്ചതിന് ശേഷമുള്ള 680 ശതമാനത്തിന്റെ നേട്ടമാണ് കൈ വരിച്ചത്.
2025 ജനുവരിയിലെ കയറ്റുമതി വരുമാനത്തിൽ 70 ശതമാനം ആപ്പിളിന്റെ ഐഫോണുകൾക്ക് അവകാശപ്പെട്ടതാണ്. ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കളിൽ ഒരാളായ ഫോക്സ്കോണിൽനിന്നാണ് മൊത്തം കയറ്റുമതിയുടെ 33 ശതമാനം.
ഇന്ത്യൻ നിർമ്മിത സ്മാർട്ട്ഫോണുകളുടെ പ്രധാന വിപണിയായി യുഎസ് ഉയർന്നുവരുന്നു.