റബര്‍ കൃഷിയിലും ഉത്പാദനത്തിലും ത്രിപുരയുടെ കുതിപ്പ്
Monday, February 17, 2025 12:18 AM IST
റെജി ജോസഫ്
കോട്ടയം: റബര്‍ കൃഷിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുന്നേറ്റം തുടരുമ്പോള്‍ ത്രിപുര വ്യാപനത്തിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ റബറുള്ള കേരളത്തില്‍ ആവര്‍ത്തന കൃഷിയില്‍ കാര്യമായ പുരോഗതിയില്ല. ഉത്പാദനത്തില്‍ നേരിയ കുറവാണുണ്ടായത്. അതേസമയം ത്രിപുരയില്‍ മൂന്നിരട്ടിയാണ് കൃഷിവ്യാപനം.
ചെലവിന് ആനുപാതികമായി റബറിന് വില ലഭിക്കാത്തതും വിലയില്‍ സ്ഥിരതയില്ലാത്തതുമാണ് കേരളത്തിലെ കര്‍ഷകരുടെ പ്രധാന പരിമിതി. കേരളത്തിനു പുറമേ തമിഴ്നാട്ടിലും റബര്‍ കൃഷി പിന്നോട്ടടിക്കുകയാണ്.
2013-14ല്‍ സംസ്ഥാനത്ത് 5,48,225 ഹെക്ടറിലുണ്ടായിരുന്ന റബര്‍ 2023-24ല്‍ 5,48,300 ഹെക്ടറിലെത്തി. അതായത്, 75 ഹെക്ടര്‍ മാത്രമാണ് കൃഷി വ്യാപനം. 2012-13ല്‍ തമിഴ്നാട്ടില്‍ 20,890 ഹെക്ടറിലാണ് റബറുണ്ടായിരുന്നത്.
നിലവില്‍ റബര്‍ കൃഷി 21,200 ഹെക്ടറിലെത്തി. അതേസമയം, പത്തു വര്‍ഷം മുന്‍പ് ത്രിപുരയുടെ റബര്‍ കൃഷി ഭൂമി വിസ്തൃതി 71,370 ഹെക്ടറായിരുന്നത് 1,10,500 ഹെക്ടറായി വര്‍ധിച്ചു. ആസാമില്‍ ഒരു പതിറ്റാണ്ടിനുള്ളില്‍ റബര്‍ 47,945 ഹെക്ടറില്‍നിന്ന് ഇരട്ടിയോളം അതായത് 79,600 ഹെക്ടറിലേക്ക് വര്‍ധിച്ചു.
മേഘാലയയില്‍ 13,875 ഹെക്ടറില്‍നിന്ന് 25,300 ഹെക്ടറിലേക്കും നാഗാലാന്‍ഡില്‍ 11,985 ഹെക്ടറില്‍നിന്ന് 19,500 ഹെക്ടറിലേക്കും മണിപ്പൂരില്‍ 3,755 ഹെക്ടറില്‍നിന്ന് 6000 ഹെക്ടറിലേക്കും മിസോറമില്‍ 3,150 ഹെക്ടറില്‍നിന്ന് 7,800 ഹെക്ടറിലേക്കും അരുണാചല്‍പ്രദേശില്‍ 3,540 ഹെക്ടറില്‍നിന്ന് 9,300 ഹെക്ടറിലേക്കും കൃഷി വര്‍ധനയുണ്ടായി.
ഉത്പാദനത്തോതിലും കേരളം പിന്നോട്ടടിക്കുന്നതായി റബര്‍ ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഉത്പാദനം 6,48,220 ടണ്ണില്‍നിന്ന് 6,09,600 ആയി കുറഞ്ഞു. തമിഴ്നാടിന്റെ റബര്‍ ഉത്പാദനം 25,000 ടണ്ണില്‍നിന്ന് 23,900 ടണ്ണിലെത്തി. അതേസമയം ത്രിപുരയിലെ ഉത്പാദനത്തില്‍ വലിയ കുതിപ്പാണ് ഇക്കാലത്തുണ്ടായിരിക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ ത്രിപുരയിലെ ഉത്പാദനം 39, 000 ടണ്ണില്‍നിന്ന് 91,500 ടണ്ണിലെത്തി. ആസാമില്‍ മൂന്നിരട്ടിയാണ് വര്‍ധന. മേഘാലയയില്‍ 7550 ടണ്ണില്‍നിന്ന് 11,775 ടണ്‍ ആയി. രാജ്യത്തെ ആകെ സ്വാഭാവിക റബര്‍ ഉത്പാദനം 2013-14ല്‍ 7,74,000 ടണ്ണില്‍നിന്ന് 2023-24 വര്‍ഷത്തില്‍ 8,57,000 ആയി വര്‍ധിച്ചതായാണ് റബര്‍ ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം വാര്‍ഷിക ഉപയോഗം 16 ലക്ഷം ടണ്ണിലേക്ക് ഉയരുകയാണ്.