ഊരാളുങ്കൽ സൊസൈറ്റിയുടെ യു-സ്ഫിയർ പദ്ധതിക്കു തുടക്കം
Tuesday, February 18, 2025 11:39 PM IST
കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) അത്യാധുനിക, ഹൈടെക്, പരിസ്ഥിതിസൗഹൃദ കെട്ടിടനിർമാണ സംരംഭമായ യു-സ്ഫിയറിന് തുടക്കം കുറിച്ചു.
പരമ്പരാഗത നിർമാണത്തേക്കാൾ വേഗതയേറിയതും ഘടകഭാഗങ്ങള്‍ മുൻകൂട്ടി നിർമിച്ചു കൃത്യതയോടെ യോജിപ്പിക്കുന്നതാണ് പുതിയ പദ്ധതി.
യുഎൽസിസിഎസ് നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണു പുതിയ സംരംഭം ആരംഭിക്കുന്നതെന്ന് ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.
നൂതന മോഡുലാർ, സുസ്ഥിര നിർമാണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, അടുത്ത തലമുറയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഊരാളുങ്കൽ സൊസൈറ്റിയെ മുൻനിരയിലെത്തിക്കുവാൻ പര്യാപ്തമായതാണ് പുതിയ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 2,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.
എഐ അധിഷ്ഠിത അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്-അധിഷ്ഠിത മോണിറ്ററിംഗ്, ഡിജിറ്റൽ പ്രോജക്ട് മാനേജ്മെന്റ് എന്നിവ യു-സ്ഫിയർ സംയോജിപ്പിക്കുമെന്നും അധികൃതർ കൊച്ചിയിൽ അറിയിച്ചു.
റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മുതൽ ഐടി പാർക്കുകൾ വരെയുള്ള 8,000 ത്തിലധികം പദ്ധതികള്‍ ഊരാളുങ്കൽ സൊസൈറ്റി ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.