ഡയറക്ട് സെല്ലിംഗ്: മാർഗരേഖ പ്രകാശനം ഇന്ന്
Tuesday, February 18, 2025 11:39 PM IST
തിരുവനന്തപുരം: ഡയറക്ട് സെല്ലിംഗ് കന്പനികളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മോണിറ്ററിംഗ് സംവിധാനത്തിന്റെ മാർഗരേഖ പ്രകാശനം ഇന്നു നടക്കും.
വൈകുന്നേരം 5.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡയറക്ട് സെല്ലിംഗ് കന്പനികളുടെ എൻറോൾമെന്റിനായി തയാറാക്കിയ വെബ്പോർട്ടലിന്റെ ഉദ്ഘാടനം, ഡയറക്ട് സെല്ലിംഗ് മേഖലയുമായി ബന്ധപ്പെടുന്ന ഉപഭോക്താക്കൾക്കു ബോധവത്കരണം നൽകുന്നതിനുള്ള വീഡിയോകളുടെ പ്രകാശനം എന്നിവയും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വിതരണക്കാരുടെ ശൃംഖല സൃഷ്ടിച്ച് ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന രീതിയാണ് ഡയറക്ട് സെല്ലിംഗ്. നൂതന വ്യാപാര സന്പ്രദായങ്ങളും ഓണ്‍ലൈൻ വ്യാപാരവും വർധിച്ചുവരുന്ന കാലത്ത് ഉപഭോക്താക്കൾ നേരിടുന്ന ചൂഷണവും കബളിപ്പിക്കലും ഒഴിവാക്കാനായാണ് ഈ നടപടി.
ഡയറക്ട് സെല്ലിംഗ് മേഖലയിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് അവരിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് സർക്കാർ സംവിധാനം ഒരുക്കുക എന്നത് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നുവെന്ന് മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.