ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് കൊച്ചി ഒരുങ്ങുന്നു
Sunday, February 16, 2025 1:15 AM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് (ഐകെജിഎസ് 2025) കൊച്ചി വേദിയാകും. 21 മുതല്‍ 22 വരെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് ഉച്ചകോടി.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് (കെഎസ്ഐഡിസി) വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, ജയന്ത് ചൗധരി, യുഎഇ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി എന്നിവര്‍ മുഖ്യാതിഥികളാകും.
ആഗോള വ്യവസായ പ്രമുഖരും നിക്ഷേപകരുമടക്കം 2,500 പ്രതിനിധികള്‍ ഉച്ചകോടിയുടെ ഭാഗമാകും. 24 രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരും ഇന്‍വെസ്റ്റ് കേരളയില്‍ പങ്കെടുക്കും. ഉച്ചകോടിക്കു മുന്നോടിയായി കൊച്ചിയിൽ നടന്ന മീഡിയ കോൺക്ലേവ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്‍വസ്റ്റ് കേരള ഉച്ചകോടിയിലെ നിക്ഷേപ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ചെയര്മാന് സി. ബാലഗോപാല്‍, എംഡി എസ്. ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആർ. ഹരികൃഷ്ണന്, ഇന്‍വസ്റ്റ് കേരള ഉച്ചകോടിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി പി. വിഷ്ണുരാജ്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.