പുതിയ ആദായനികുതി ബിൽ ലളിതം, സ്വാഗതാർഹം; ആശങ്കകളും ഇല്ലാതില്ല
ഡോ. സക്കീർ തോമസ്
(ആദായനികുതി മുൻ ഡയറക്ടർ ജനറൽ)
Friday, February 14, 2025 4:11 AM IST
ആദായനികുതി നിയമമാണു മനസിലാക്കുവാൻ ഏറ്റവും ബുദ്ധിമുട്ടേറിയ വിഷയമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ തന്റെ അക്കൗണ്ടന്റിനോടു പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദായനികുതി നിയമ വ്യവസ്ഥകൾ സങ്കീർണമാണെന്നു നിയമ വിദഗ്ധരും പറയുന്നു. എന്തിന്, സുപ്രീംകോടതി പോലും ഇത്തരത്തിൽ അഭിപ്രായപ്പെട്ടു.
ഈ പശ്ചാത്തലത്തിലാണ് ആദായനികുതി നിയമം ലഘൂകരിക്കുവാനുള്ള ശ്രമം. പുതിയ ആദായനികുതി ബിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചു. രാജ്യത്തെ എല്ലാ നികുതിദായകരുടെയും മനസിൽ എന്താണീ പുതിയ ബിൽ എന്ന ചോദ്യമുണ്ട്. നമുക്കു പരിശോധിക്കാം.
പുതിയ ആദായനികുതി ബില്ലിലെ മാറ്റങ്ങൾ
നിലവിലുള്ള നിയമം 1961ൽ പാസാക്കിയതാണ്. കേന്ദ്ര ബജറ്റിലും അല്ലാതെയും ഓരോ വർഷവും വരുത്തിയ ഭേദഗതികൾ നിയമത്തെ സങ്കീർണമാക്കി. ഈ നിയമത്തിലുപയോഗിച്ച ഭാഷയിലും ശൈലിയിലും സങ്കീർണതയുണ്ട്. എന്നാൽ പാർലമെന്റിൽ ധനമന്ത്രി ഇന്നലെ സമർപ്പിച്ച ബില്ലിൽ, നിലവിലെ വ്യവസ്ഥകളെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കാനാണു പ്രധാനമായും ശ്രമിച്ചത്.
നിയമത്തിലെ വകുപ്പുകളെ സങ്കീർണമാക്കിയിരുന്ന നിബന്ധനകളും (പ്രൊവൈസോ) വിശദീകരണ വ്യവസ്ഥകളും (എക്സ്പ്ലനേറ്ററി ക്ലാസ്) ലളിതവത്കരിച്ചു. ഇവ പ്രധാന വകുപ്പുകളുടെ ഭാഗമാക്കുകയും ചെയ്തു. ഇതോടെ പുതിയ ബില്ലിൽ 536 വകുപ്പുകളുണ്ട്. നിലവിലുള്ള നിയമത്തിലാകട്ടെ 298 വകുപ്പുകളേയുള്ളൂ. ആയിരത്തിലേറെ പേജുകളുള്ള ഇപ്പോഴത്തെ നിയമത്തിന്റെ ഏകദേശം പകുതി മാത്രം (622) പേജുകളേ പുതിയ ബില്ലിലുള്ളൂ.
നിലവിലുള്ള ആദായനികുതി നിയമത്തിന്റെ വ്യാപ്തിയിലും ഘടനയിലും പുതിയ ബില്ലിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ഇപ്പോഴുള്ള നിയമത്തിൽ വരുമാന സ്രോതസുകളെ അഞ്ചായി തരംതിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലുമുള്ള വരുമാനത്തെ അതതു വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തിട്ടപ്പെടുത്തി മൊത്തവരുമാനത്തെ നിശ്ചയിക്കുന്ന മൂലവ്യവസ്ഥയിൽ മാറ്റങ്ങളില്ല. ശന്പളക്കാർ, പെൻഷൻകാർ, പലിശ വരുമാനമുള്ളവർ എന്നിങ്ങനെ സാധാരണ നികുതിദായകർക്കുള്ള വ്യവസ്ഥകളിൽ മാറ്റമില്ല. ബിറ്റ്കോയിൻ മുതലായ ഡിജിറ്റൽ കറൻസികളുടെ നികുതിയുടെ കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നു. ഡിജിറ്റൽ കറൻസികൾക്ക് ഇനി നികുതിയുണ്ടാകും.
ഇപ്പോഴത്തെ ആദായനികുതി നിയമത്തിലും അടിസ്ഥാനപരമായ മാറ്റങ്ങളില്ല. അതിനാൽ നികുതിദായകർക്ക് ഇതൊരു പുതിയ നിയമമായി തോന്നുകയില്ല. ഭാഷയുടെ വ്യത്യസ്തത ആണു പുതുമ. ഓണ്ലൈൻ വഴി നികുതിദായകനു സേവനങ്ങൾ ലഭ്യമാക്കാനുള്ള ഡിജിറ്റൈസേഷൻ നടപടികളും നടപടിക്രമങ്ങളിൽ വരുത്തിയിരിക്കുന്ന വ്യത്യാസങ്ങളുമാണു പുതിയ ബില്ലിനെ ശ്രദ്ധേയമാക്കുക. ആദായനികുതി നിയമത്തിലെ വ്യവസ്ഥകളനുസരിച്ചു റിട്ടേണുകൾ നൽകാനുള്ള നടപടിക്രമങ്ങൾ പൂർണമായും ഓണ്ലൈനായി ചെയ്യാൻ നികുതിദായകരെ പ്രാപ്തരാക്കുന്നതാണു പുതിയ നിയമം.
നടപടിക്രമങ്ങളിൽ വ്യക്തത (പ്രൊസിജറൽ ക്ലാരിറ്റി) വരുത്തുന്നതിനുള്ള മാറ്റങ്ങളും പുതിയ ബില്ലിലുണ്ട്. നടപടികൾ നികുതിദായക സൗഹൃദമാക്കാനും സുതാര്യമാക്കാനും നിർദേശങ്ങളുണ്ട്. ഒപ്പം ആദായനികുതി ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവും സുതാര്യമായ നടപടിക്രമങ്ങളിലൂടെ നിർദേശിച്ചിരിക്കുന്നു. ഉദാഹരണമായി, വീണ്ടുമുള്ള അസെസ്മെന്റ് (റീ അസെസ്മെന്റ്) നോട്ടീസ് അയയ്ക്കാനുള്ള നടപടികൾ സുതാര്യതയോടും വ്യക്തതയോടും കൂടി മാത്രമേ ഉദ്യോഗസ്ഥർക്കു സ്വീകരിക്കാനാകൂ. അപ്പീൽ നൽകുന്നതിനുള്ള നടപടിക്രമങ്ങളിലും കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്.
നികുതിവർഷം എന്ന നിർവചനമാണ് പുതിയ ബില്ലിൽ വരുത്തിയിരിക്കുന്ന ഒരു മാറ്റം. നിലവിലുള്ള നിയമത്തിൽ മുൻ വർഷം, അസെസ്മെന്റ് വർഷം എന്നീ രണ്ടു നിർവചനങ്ങളുണ്ടായിരുന്നു. ഇതു ലഘൂകരിച്ചു ഒരു സാന്പത്തിക വർഷത്തെ ഒരു നികുതി വർഷമാക്കിയിരിക്കുന്നു. എന്നുവച്ചാൽ ഒരു നികുതിവർഷത്തിന്റെ വരുമാനനികുതി റിട്ടേണ് സമർപ്പിക്കേണ്ടത് അടുത്ത സാന്പത്തിക വർഷത്തിലാണ്. ഇപ്പോഴുള്ള സമയപരിധിയിലോ അവസാന തീയതിയിലോ മാറ്റമില്ല.
ധർമസ്ഥാപനങ്ങൾക്കും കർഷകർക്കും ആശങ്ക
ചാരിറ്റബിൾ ട്രസ്റ്റുകൾ, മറ്റു ധർമ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ചട്ടങ്ങളിൽ സമഗ്രമായ മാറ്റം വരുത്തിയിട്ടുണ്ട്. ലാഭേച്ഛയില്ലാത്ത സംഘടനകൾ എന്ന നിർവചനത്തിൽ വരുന്ന ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എന്നിവയ്ക്കു നികുതിയിളവിനായുള്ള ചട്ടങ്ങളിൽ (കംപ്ലെയസ് പ്രൊസിജർ) മാറ്റമുണ്ട്. നികുതിയൊഴിവുകൾക്കായി ഇപ്പോഴത്തെ നിയമത്തിൽ പല ഭാഗത്തായുള്ള നിബന്ധനകൾ ക്രോഡീകരിച്ചു പുതിയ ബില്ലിൽ ഒരു അധ്യായത്തിലാക്കിയിട്ടുണ്ട്. നികുതിയിളവു ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ കുറെക്കൂടി കർശനമാക്കിയെന്നതാണു പ്രധാന മാറ്റം.
കാർഷികാദായത്തിനു പഴയതുപോലെ പുതിയ ബില്ലിലും നികുതിയില്ല. എന്നാൽ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിരുന്നതിനു പകരം, നിയമത്തോടനുബന്ധിച്ചുള്ള പ്രത്യേക ഷെഡ്യൂളിലേക്കു കാർഷികാദായത്തെ മാറ്റിയിട്ടുണ്ട്.
പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുത്താതിരുന്നതു വഴി സർക്കാർ പിന്നീട് ആവശ്യമായ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന ആശങ്കയ്ക്ക് ഇതു കാരണമായേക്കാം. പാർലമെന്റിലും പുറത്തും ഇതു വിമർശനത്തിനിടയാക്കാൻ സാധ്യതയുണ്ട്. എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെയും ഇലക്ടറൽ ട്രസ്റ്റുകളുടെയും നികുതിയൊഴിവുകൾ ബില്ലിലെ പ്രധാന വ്യവസ്ഥകളിൽ തന്നെയുണ്ടെന്നതും ശ്രദ്ധേയമാണ്.
മൊത്തത്തിൽ സ്വാഗതാർഹമായ മാറ്റങ്ങളുമായാണു പുതിയ ആദായനികുതി ബില്ല് പാർലമെന്റിന്റെ പരിഗണനയ്ക്കെത്തിയിരിക്കുന്നത്. എങ്കിലും ഇതിലെ ചില മാറ്റങ്ങൾ കൂടുതൽ നിയമയുദ്ധങ്ങൾക്കു വഴിതെളിക്കുമോ എന്ന ആശങ്ക ന്യായമാണ്. 2010ൽ പാർലമെന്റിൽ സർക്കാർ അവതരിപ്പിച്ച പ്രത്യക്ഷ നികുതി കോഡ് (ഡയറക്ട് ടാക്സ് കോഡ്) പാസായില്ല. പുതിയ ബില്ലിന് ആ ഗതി വരില്ലെന്ന് ആശിക്കാം.