എടിഎം ചാർജ് 22 രൂപയാക്കാൻ ശിപാർശ
Friday, February 7, 2025 12:12 AM IST
ന്യൂഡൽഹി: എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാൻ ശിപാർശ. നേരത്തേ 21 രൂപയാണ് ഈടാക്കിയിരുന്നത്. ഇക്കാര്യം റിസർവ് ബാങ്കിനോട് നാഷണൽ പെയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശിപാർശ ചെയ്തതായാണ് റിപ്പോർട്ട്.
ഓരോ മാസവും സ്വന്തം ബാങ്കുകളിൽ അഞ്ച് തവണ സൗജന്യമായി എടിഎമ്മുകളിൽനിന്ന് ഒരാൾക്ക് പണം പിൻവലിക്കാം. മറ്റ് ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളിൽ മൂന്നെണ്ണവും, മെട്രോ ഇതര നഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യം.
കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്പോഴുള്ള ഇന്റർബാങ്ക് ചാർജ് 17ൽനിന്ന് 19 രൂപയാക്കാനും ശിപാർശയുണ്ട്. എടിഎം സേവനങ്ങൾ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നൽകുന്ന ചാർജാണ് എടിഎം ഇന്റർചേഞ്ച് ഫീസ്. ഇത് പലപ്പോഴും ഉപഭോക്താവിന്റെ ബില്ലിനൊപ്പം ചേർക്കുന്നുണ്ട്.