ഡോളറിനെതിരേ രൂപ റിക്കാർഡ് താഴ്ചയിൽ
Tuesday, February 4, 2025 12:35 AM IST
മുംബൈ: അമേരിക്കൻ ഡോളറിനെതിരേ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 87 കടന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതിക്ക് ചുങ്കം ഉയർത്തി പുതിയ ആഗോള വ്യാപാര യുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രൂപയുടെ വീഴ്ച. ഇന്ത്യക്കും ചുങ്കം ഏർപ്പെടുത്തുമോയെന്ന ഭീതിയും ഉയരുന്നുണ്ട്.
ഇതിനൊപ്പം ഡോളർ വിദേശ വിപണികളിലും ശക്തിയാർജിക്കുന്നതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശനിക്ഷേപകരുടെ പിൻവാങ്ങലും രൂപയ്ക്കു തിരിച്ചടിയാകുന്നു. ക്രൂഡ് ഓയിൽ വില ഉയർന്നത് ഇറക്കുമതിക്കാരിൽ ഡോളറിന്റെ ആവശ്യകത ഉയർത്തി.
ഇന്നലെ ഡോളറിനെതിരേ 87 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് പിന്നീട് 67 പൈസ പ്രതിദിന ഇടിവിൽ 87.29 എന്ന മൂല്യത്തിലെത്തി. അവസാനം 55 പൈസ നഷ്ടത്തിൽ 87.17 എന്ന നിലയിൽ വ്യാപാരം അവസാനിച്ചു. വെള്ളിയാഴ്ച ഡോളറിനെതിരേ 86.62ലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ക്രൂഡ് ഓയിൽ വില ബാരലിന് 1.41 ശതമാനം ഉയർന്ന് 76.74 ഡോളറിലെത്തി. ഡോളർ സൂചിക ഉയർന്ന നിലയിലാണ്. ആറു കറൻസികൾക്കെതിരേ 1.01 ശതമാനം ഉയർന്ന് 109.46ലെത്തി.
ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പിൻവലിക്കൽ ഉയരുകയാണ്. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്്റ്റേഴ്സ് (എഫ്ഐഐ) ഇന്നലെ 3958.37 കോടി രൂപയുടെ നിക്ഷേപം വിറ്റു. ശനിയാഴ്ച 1327.09 കോടി രൂപയുടെ നിക്ഷേപമാണ് വിറ്റത്. ജനുവരിയിൽ 87,374.66 കോടി രൂപയാണ് വിദേശ നിക്ഷേപകർ പിൻവലിച്ചത്.
ജനുവരി 24ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നിക്ഷേപം 8.574 ബില്യണ്‍ ഡോളർ ഉയർന്ന് 629.557 ബില്യണിലെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. എന്നാൽ കരുതൽ ശേഖരം 1.888 ബില്യണ്‍ കുറഞ്ഞ് 623.983 ബില്യണിലെത്തി.
ഓഹരി വിപണിയും വീണു
രൂപയുടെ മൂല്യത്തകർച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെൻസെക്സ് 319 പോയിന്റ് ഇടിഞ്ഞ് 77186 ലും നിഫ്റ്റി 121 പോയിന്റ് നഷ്ടത്തിൽ 23361 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. 1102 ഓഹരികൾ മുന്നേറിയപ്പോൾ 2742 ഓഹരികൾ ഇടിഞ്ഞു. 163 എണ്ണത്തിനു മാറ്റമുണ്ടായില്ല.
രണ്ടു സൂചികകളും ഇപ്പോൾ സെപ്റ്റംബർ 27 മുതലുള്ള റിക്കാർഡ് ഉയരത്തിൽനിന്ന് ഏകദേശം 10 ശതമാനം താഴെയാണ്്. മൂന്നാം പാദത്തിലെ കുറഞ്ഞ വരുമാനം, സാന്പത്തിക മാന്ദ്യം, വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ ഇന്ത്യൻ വിപണിക്കു തിരിച്ചടിയാകുന്നു.
അമേരിക്കൻ വിപണിയിൽ തളർച്ച
പ്രസിഡന്റ് ട്രംപിന്റെ വ്യാപാരയുദ്ധ പ്രഖ്യാപനത്തിനുശേഷം ഈ മാസത്തെ പുതിയ വ്യാപാരത്തിന്റെ തുടക്കത്തിൽ യുഎസിന്റെ ഡൗ ജോൺസ്, എസ് ആൻഡ് പി 500, നസ്ദാക് എന്നീ സൂചികകൾ തകർച്ചയിലാണ് വ്യാപാരം നടത്തുന്നത്.
യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് മുന്നേറ്റം ലഭിച്ചു. ഏഷ്യയിൻ വിപണികളിലും ഇടിവ് പ്രകടമായി. ജപ്പാന്റെ നിക്കി 225, ടോപിക്സ് എന്നിവയും ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പിയും നഷ്ടത്തിലായി.