ബജറ്റാവേശത്തിൽ തിളങ്ങാൻ ഇൻഡക്സുകൾ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, February 3, 2025 12:14 AM IST
സാമ്പത്തിക മേഖലയിലെ പുതിയ മാറ്റങ്ങളെ വിപണി ഉറ്റുനോക്കുന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ ആവേശത്തിൽ ഇൻഡക്സുകൾ ഈവാരം എത്രമാത്രം തിളക്കം നേടുമെന്നത് മുന്നിലുള്ള ഏതാനും ദിവസങ്ങളിൽ വ്യക്തമാകും. പോയവാരം സെൻസെക്സ് 1315 പോയിന്റും നിഫ്റ്റി സൂചിക 390 പോയിന്റും മികവിലാണ്.
വിദേശ ധനകാര്യസ്ഥാപനങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള പൊടിക്കൈകളൊന്നും ബജറ്റിൽ കണ്ടില്ല. ഫണ്ട് മാനേജർമാരെ ലൂണാർ പുതുവത്സരാഘോഷങ്ങൾക്കു ശേഷവും ബെയ്ജിംഗിൽത്തന്നെ തുടരാൻ പ്രേരിപ്പിക്കും.
ചൈനയിലേക്കു ചേക്കേറിയ രാജ്യന്തര ഫണ്ടുകളെ തിരിച്ചുപിടിക്കാൻ ആവശ്യമായ നിർദേശങ്ങളുടെ അഭാവം ഓഹരി വിപണിയുടെ കുതിപ്പിന് വേഗത കുറയ്ക്കാം. ബജറ്റ് പ്രഖ്യാപനം അടക്കമുള്ള ആറ് പ്രവൃത്തി ദിനങ്ങളിൽ വിദേശ ഓപ്പറേറ്റർമാർ മൊത്തം 15,036 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം വൻ തകർച്ചയെ തടയാൻ 20,469 കോടി രൂപയുടെ നിക്ഷേപത്തിന് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഈ അവസരത്തിൽ ഇറങ്ങി.
കരകയറാതെ രൂപ
രൂപയെ ബാധിച്ച ദുർബലാവസ്ഥ ഇനിയും വിട്ടുമാറിയില്ല. മൂന്നുമാസകാലയളവിൽ രൂപയുടെ മൂല്യം 84ൽ നിന്നും 86.61ലേക്ക് ഇടിഞ്ഞു. ഈ തകർച്ചയുടെ ആഘാതത്തിൽനിന്നും സാന്പത്തിക മേഖലയിൽ തിരിച്ചു വരവ് ദൃശ്യമായാൽ മാത്രമേ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് നിഫ്റ്റിയെ 27,000-27,500 റേഞ്ചിലേക്ക് നയിക്കാനാവൂ. വാരാന്ത്യം രൂപയുടെ മൂല്യം 86.51 ലാണ്. ഈവാരം 86.28 ലേക്ക് ശക്തിപ്രാപിച്ചാലും 86.14 ൽ വീണ്ടും തടസം നേരിടും.
നിഫ്റ്റി സൂചിക കൂടുതൽ മികവിനു ശ്രമിച്ച അവസരങ്ങളിൽ വിദേശ ഫണ്ടുകൾ വിൽപ്പന സമ്മർദവുമായി രംഗത്തിറങ്ങിയതിനാൽ 23,629നു മുകളിൽ ഇടം പിടിക്കാനായില്ല. വാരാന്ത്യം ബജറ്റ് വേളയിൽ നടന്ന പ്രത്യേക വ്യാപാരത്തിൽ നിഫ്റ്റി നേരിയ ചാഞ്ചാട്ടത്തിലായിരുന്നു, ക്ലോസിംഗിൽ 23,482 പോയിന്റിലാണ്. ഈവാരം ആദ്യ പ്രതിരോധങ്ങൾ 23,675-23,785 പോയിന്റിലാണ്. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ പ്രതിരോധ മേഖലയിൽ വിൽപ്പന സമ്മർദം ഉടലെടുത്താൽ സൂചിക 23,023 ലേക്കും തുടർന്ന് 22,564ലേക്കും പരീക്ഷണങ്ങൾ നടത്താം.
സാങ്കേതികമായി വീക്ഷിച്ചാൽ സൂപ്പർ ട്രെൻഡ് സെല്ലിംഗ് മൂഡിൽ തുടരുമ്പോൾ വാരാന്ത്യം പാരാബോളിക്ക് എസ്എആർ മുന്നേറാനുള്ള ശ്രമത്തിലാണ്. അതേസമയം എംഎസിഡിയെ ബാധിച്ച ദുർബലാവസ്ഥയിൽനിന്നും കാര്യമായ തിരിച്ചുവരവ് നടത്തിയിട്ടില്ലെങ്കിലും അനുകൂല വാർത്തകൾക്ക് വിപണിയിൽ ഉണർവ് സൃഷ്ടിക്കാനാവും. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ട് മേഖലയിൽ നീങ്ങുന്നത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരാം.
ഡെയ്ലി ചാർട്ടിൽ നിഫ്റ്റി 20 ഡിഎംഎയായ 23,600 പോയിന്റ് മേഖലയിൽ ട്രെൻഡ് ലൈനിൽ പ്രതിരോധം നിലവിലുണ്ട്. അതേസമയം 23,600ലെ പ്രതിരോധം തകർക്കാൻ ക്ലോസിംഗ് വേളയിൽ നിഫ്റ്റിക്കായാൽ 200 പോയിന്റ് കുതിപ്പിന് അവസരം തെളിയും. അത്തരം ഒരു സാഹചര്യം ഒത്തുവന്നാൽ നിഫ്റ്റി അതിന്റെ 100 ദിവസങ്ങളിലെ ശരാശരിയായ 24,300 ലേക്ക് മാർച്ച് സീരീസിൽ മുന്നേറാം.
ബോംബെ സെൻസെക്സ് താഴ്ന്ന നിലവാരമായ 75,664 പോയിന്റിൽനിന്നും 77,871 വരെ ഉയർന്നു, എന്നാൽ രണ്ടാഴ്ച മുന്പു രേഖപ്പെടുത്തിയ 77,893 ലെ പ്രതിരോധം തകർക്കാനുള്ള കരുത്ത് ഈ അവസരത്തിൽ വിപണിക്ക് കാഴ്ചവയ്ക്കാനായില്ല.
വിദേശ ഓപ്പറേറ്റർമാർ മുൻനിര ഓഹരികളിൽ സൃഷ്ടിച്ച വിൽപ്പന സമ്മർദം മൂലം വാരാന്ത്യം സെൻസെക്സ് 77,505 പോയിന്റിലാണ്. സൂചിക മുന്നേറാൻ ശ്രമിച്ചാൽ 78,362-79,220ൽ പ്രതിരോധം തലയുയർത്താം. അതേസമയം വാരത്തിന്റെ രണ്ടാം പകുതിയിൽ തിരുത്തലിന് വിപണി മുതിർന്നാൽ 74,806ൽ താങ്ങുണ്ട്. ലോങ് ടേം ചാർട്ടിൽ ട്രെൻഡ്ലൈൻ സപ്പോർട്ടുകൾ നഷ്ടപ്പെട്ടതു കണക്കിലെടുത്താൽ 73,674-72,048 ലേക്ക് തിരുത്തലിനു മുതിരാം.
റിക്കാർഡോടെ സ്വർണം
ആഗോള സ്വർണ വില ജനുവരി മധ്യം 2,702 ഡോളറിൽ നീങ്ങിയ അവസരത്തിൽ ഇതേകോളത്തിൽ വ്യക്തമാക്കിയതാണ് ബുള്ളിഷ് ട്രെൻഡ് കണക്കിലെടുത്താൽ 2800 ഡോളറിലേക്ക് അതിവേഗം സഞ്ചരിക്കാമെന്നത്. ഇതു ശരിവയ്ക്കുന്ന പ്രകടനമാണ് പിന്നീടു ദൃശ്യമായത്. കഴിഞ്ഞവാരം സ്വർണ വില ട്രോയ് ഔൺസിന് 2,818 ഡോളർ വരെ ഉയർന്നതിനിടെ ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പിന് രംഗത്തിറങ്ങിയതിനാൽ വാരാന്ത്യം 2,797 ഡോളറിലാണ്.
ബുള്ളിഷ് മൂഡ് നിലനിർത്തി 2,834 ഡോളർ വരെ ഉയരാം, അതേസമയം, ലാഭമെടുപ്പിലൂടെ 2,760 ഡോളറിലേക്കു താഴ്ത്തി പുതിയ ബയിംഗിന് ഫണ്ടുകൾ നീക്കം നടത്താനും ഇടയുണ്ട്. ഇന്ത്യൻ മാർക്കറ്റായ എംസിഎക്സിൽ സ്വർണം റിക്കാർഡ് വിലയിലാണ്. മാർച്ച് അവധി 82,210 രൂപയിലും ഏപ്രിൽ 83,360 രൂപയിലുമാണ് പത്ത് ഗ്രാമിന്.