ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്ക് എരുമേലിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Saturday, February 1, 2025 11:36 PM IST
എരുമേലി: ടെക്നോളജിയുടെയും സംരംഭകത്വത്തിന്റെയും മേഖലകളില്‍ സാധ്യതകളുടെ പുതിയ ലോകം തുറന്ന് ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്ക് എരുമേലി പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിനി ഐടി പാര്‍ക്കുകള്‍ക്ക് സമാനമായ ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്ക് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സുബി സണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ഐ. അജി, കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റും മുന്‍ പിഎസ്സി മെംബറുമായ ലോപ്പസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
അമേരിക്കയിലെ സിലിക്കണ്‍ വാലി മോഡല്‍ ഇക്കോസിസ്റ്റം കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ടാല്‍റോപ്പ് കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലുമായി 1064 വില്ലേജ് പാര്‍ക്കുകള്‍ ഒരുക്കുന്നത്.
വന്‍കിട സംരംഭങ്ങളും അതിനൂതന ടെക്നോളജിയും സംസ്ഥാനത്തെ ഓരോ ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ് ടാല്‍റോപ്പിന്റെ വില്ലേജ് പാര്‍ക്കുകള്‍.
അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യം, മിനി ഐടി പാര്‍ക്കുകള്‍ക്കു സമാനമായ വര്‍ക്ക്സ്പേസ്, മികച്ച ഐടി പ്രഫഷണലുകളുടെയും ടെക്എക്സ്പേര്ട്ടുകളുടെയും സാന്നിധ്യം എന്നിവയെല്ലാം വില്ലേജ് പാര്‍ക്കിന്റെ പ്രത്യേകതയാണെന്ന് ടാല്‍റോപ്പ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജോണ്‍സ് ജോസഫ് പറഞ്ഞു. വില്ലേജ് പാര്‍ക്കിന്റെ ഉദ്ഘാടനച്ചടങ്ങിനൊപ്പം വണ്‍ ക്രിയേറ്റര്‍ ഫ്രം വണ്‍ വാര്‍ഡ്, പിങ്ക് കോഡേഴ്സ് തുടങ്ങി നിരവധി പദ്ധതികളുടെ പഞ്ചായത്തുതല ലോഞ്ചിംഗും നടന്നു.