കറുത്തപൊന്നിന് "ഹൈ'റേഞ്ച്
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, February 3, 2025 12:14 AM IST
കുരുമുളകിന് ആഭ്യന്തര ആവശ്യം വർധിച്ചതോടെ ചരക്ക് സംഭരണത്തിന് ഇടപാടുകാർ മത്സരിച്ചു. ഇഞ്ചി ഉത്പാദനം ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വർധിച്ചത് ചുക്ക് വിലയെ ബാധിച്ചു. നാളികേരോത്പന്നങ്ങൾ മികവു നിലനിർത്തി. സ്വർണ വിലയിൽ അതിശക്തമായ കുതിച്ചു ചാട്ടം.
ആഭ്യന്തര വാങ്ങലുകാർ കുരുമുളകിനായി പരക്കംപാഞ്ഞതോടെ ഉത്പന്ന വില നിത്യേന ഉയർന്നു. പല ഭാഗങ്ങളിലും വിളവെടുപ്പു നടക്കുന്നുണ്ടങ്കിലും വിപണികളിൽ നാടൻ ചരക്ക് വരവ് നാമമാത്രമായി ചുരുങ്ങി. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഉത്പാദനം കുറഞ്ഞതിനാൽ പുതിയ മുളക് പത്തായങ്ങളിലേക്കു നീക്കാനാണ് ഏറിയപങ്ക് കർഷകർക്കും താത്പര്യം. കാത്തിരുന്നാൽ 700 -740 രൂപയിലേക്ക് മുളക് വിപണി ചുവടുവയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഹൈറേഞ്ച്.
ഇന്ത്യൻ കുരുമുളകിനെ സംബന്ധിച്ച് സീസൺ വേളയിൽ ഉത്പന്നത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തലത്തിലാണ് വിപണി നീങ്ങുന്നത്. കാർഷിക മേഖലകളിൽ ലഭ്യത കുറഞ്ഞ സാഹചര്യം ഇന്ത്യൻ മാർക്കറ്റിന്റെ അടിയൊഴുക്ക് ശക്തമാക്കുമെന്ന നിലപാടിലാണ് ഇതര ഉത്പാദക രാജ്യങ്ങളും. കുരുമുളക് ഇറക്കുമതിയിൽ മുന്നിലുള്ള അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളിലും മാത്രമല്ല, ഇന്ത്യയിലും ചരക്ക് ക്ഷാമംകൂടി കണക്കിലെടുത്താൽ ലഭ്യത ഉയർന്നില്ലെങ്കിൽ കുരുമുളക് കൂടുതൽ കരുത്ത് കാണിക്കാം.
വിയറ്റ്നാമിലെ ചരക്ക് ക്ഷാമം മുൻനിർത്തി ഇന്തോനേഷ്യയും ബ്രസീലും നിരക്ക് വർധിപ്പിച്ചു. അതേസമയം ലൂണാർ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്തോനേഷ്യയിലെയും വിയറ്റ്നാമിലെയും ചൈനീസ് വംശജരായ കയറ്റുമതിക്കാർ ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽനിന്നും വിട്ടുനിൽക്കുകയാണ്. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് വില ക്വിന്റലിന് 1,700 രൂപ വർധിച്ച് 66,000 രൂപയായി. മലബാർ മുളക് വില ടണ്ണിന് 8,000 ഡോളർ.
ഇഞ്ചിവില "ഇഞ്ച'പ്പരുവം
ദക്ഷിണേന്ത്യൻ ഇഞ്ചി കർഷകർ കൊയ്യുന്ന നേട്ടം കണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കർഷകരും ഇഞ്ചിയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങി. പൊന്ന് വിളയിച്ചെങ്കിലും വിലയുടെ കാര്യത്തിൽ പലരും നക്ഷത്രമെണ്ണുന്ന അവസ്ഥയിലാണ്. പച്ചയിഞ്ചി വിളവ് വിപണിയുടെ പ്രതീക്ഷയും കടന്ന് ഉയർന്നതോടെ കനത്ത വിലത്തകർച്ചയെ ഉത്പന്നം അഭിമുഖീകരിച്ചു. ഇതിനിടെ നേപ്പാളിൽനിന്നും ഭൂട്ടാനിൽനിന്നുമുള്ള ഇഞ്ചിയും ഇന്ത്യൻ വിപണിയിൽ ഇടം പിടിച്ചത് മത്സരം ശക്തമാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇഞ്ചിക്കൃഷി ഇറക്കിയ പലരും വിളവെടുപ്പിന് ഉത്സാഹം കാണിക്കുന്നില്ല.
കേരളത്തിൽനിന്നും കർണാടകത്തിൽനിന്നുമുള്ള മികച്ചയിനം ഇഞ്ചി സംസ്കരിച്ചുള്ള ചുക്കിന് ആവശ്യക്കാരുണ്ട്. ഉത്തരേന്ത്യൻ അന്വേഷണങ്ങൾ ചുരുങ്ങിയത് തിരിച്ചടിയായി മാറുമോയെന്ന ആശങ്കയിലാണ് സ്റ്റോക്കിസ്റ്റുകൾ. നേരത്തേ ഉറപ്പിച്ച കരാറുകൾ മുൻനിർത്തി അറബ് നാടുകളിലേക്കുള്ള ഷിപ്മെന്റുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ് കയറ്റുമതിക്കാർ. ഇതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തളർച്ചയുടെ ചുവടു പിടിച്ച് വാരാന്ത്യം കൊച്ചിയിൽ വിവിധയിനം ചുക്ക് വില ഇടിഞ്ഞു. ബെസ്റ്റ് ചുക്ക് 35,000 രൂപയിൽനിന്ന് 25,000 രൂപയായി. ഇടത്തരം ചുക്ക് വില 32,500 രൂപയിൽനിന്ന് 22,500 രൂപയായി ഇടിഞ്ഞു.
നേട്ടത്തോടെ നാളികേരം
ദക്ഷിണേന്ത്യയിൽ നാളികേര ക്ഷാമം മുൻനിർത്തി കൊപ്രയാട്ട് വ്യവസായികൾ വില ഉയർത്തി ചരക്ക് സംഭരിച്ചു. പല വൻകിട മില്ലുകളുടെ കരുതൽ ശേഖരം കുറഞ്ഞതിനാൽ മില്ലുകളുടെ പ്രവർത്തന സമയം വെട്ടിക്കുറച്ച് പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളും അരങ്ങേറുന്നു. വെളിച്ചെണ്ണയുടെ വിലക്കയറ്റം കണ്ട് പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കാൻ ഒരു വിഭാഗം മില്ലുകാർ ഉത്സാഹിച്ചു.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ലഭ്യത ഏതാനും മാസങ്ങളായി ചുരുങ്ങിയത് നാളികേരോത്പന്നങ്ങൾ നേട്ടമാക്കി. കേരളത്തിൽ വിളവെടുപ്പിനു തുടക്കംകുറിച്ചെങ്കിലും വ്യാവസായിക ഡിമാൻഡുമായി താരതമ്യം ചെയുമ്പോൾ പുതിയ ചരക്കു വരവ് കുറവാണ്. കൊപ്ര 15,100 ലും വെളിച്ചെണ്ണ 22,500 രൂപയിലുമാണ്.
ചൂടേറ്റ് റബർ
ജനുവരിയിൽ പകൽ താപനില കുതിച്ചുയർന്നത് റബർ ഉത്പാദകരുടെ സ്വപ്നങ്ങൾ തകർത്തു. ജനുവരിയിൽ റബർ ഉത്പാദനത്തിന് അനുകൂല സാഹചര്യം ലഭിക്കുമെന്ന കാർഷിക മേഖല കണക്കുകൂട്ടിയെങ്കിലും ഉയർന്ന പകൽ താപനിലയിൽ സ്ഥിതിഗതികൾ പൊടുന്നനെ മാറിമറിഞ്ഞു. തോട്ടങ്ങളിൽനിന്നും ഉത്പാദകർ ഭാഗികമായി വിട്ടുനിൽക്കുകയാണ്.
ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് പല ഭാഗങ്ങളിലും ടാപ്പിംഗ് നടക്കുന്നത്. ഉയർന്ന ചൂടിൽ മരങ്ങളിൽനിന്നുള്ള പാൽ ലഭ്യത കുറഞ്ഞതിനാൽ മാസത്തിൻ രണ്ടാം പകുതിയിൽ റബർ വെട്ട് സ്തംഭിക്കാൻ ഇടയുണ്ട്.
സംസ്ഥാനത്ത് നിലനിൽക്കുന്ന കാലാവസ്ഥ അത്ര സുഖകരമല്ലെന്നു ടയർ ലോബിക്ക് വ്യക്തമായി അറിയാമെങ്കിലും വില ഉയർത്താതെ ഷീറ്റും ലാറ്റക്സും ശേഖരിക്കാനുള്ള നീക്കം തുടരുകയാണവർ. വിദേശ മാർക്കറ്റുകളിലേക്കു തിരിഞ്ഞാൽ ബൾക്ക് ഓർഡറുകൾ സ്വീകരിക്കാൻ ബാങ്കോക്കിലെ കയറ്റുമതിക്കാർ തയാറാണ്, എന്നാൽ, അത്തരം ഒരു നീക്കം കേരളത്തിൽ നടത്തിയാൽ 250 രൂപയ്ക്കും ചരക്ക് ലഭിക്കില്ല.
രാജ്യാന്തര വില ഉയർന്നതിനിടയിലും ഇറക്കുമതിക്കു തന്നെയാണ് വ്യവസായികൾ മുൻതൂക്കം നൽക്കുന്നത്. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 19,000 രൂപയിൽ നിന്നും 19,300 രൂപയായി.
ആഭരണ വിപണികളിൽ സ്വർണത്തിന് റിക്കാർഡ് തിളക്കമാണ്. പവൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 61,960 രൂപയിൽ വിപണനം നടന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2,797 ഡോളറിലാണ് വ്യാപാരം നടന്നത്.