ബജറ്റിൽ തിളങ്ങാതെ ഓഹരി വിപണി
Saturday, February 1, 2025 11:36 PM IST
മുംബൈ: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിന്റെ പ്രഖ്യാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ചില്ല. നിഫ്റ്റി നഷ്ടത്തിലും ബിഎസ്ഇ സെൻസെക്സ് ചെറിയ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.
സെൻസെക്സിലുണ്ടായ 5.39പോയിന്റ് നേട്ടം ധനമന്ത്രി നിർമല സീതാരാമനെ ബജറ്റ് ദിനത്തിൽ വിപണി താഴുന്ന പ്രവണതയിൽനിന്നു രക്ഷിച്ചു. ബജറ്റ് ദിനമായ ഇന്നലെ ഓഹരി വിപണിയിൽ ചാഞ്ചട്ടം ദൃശ്യമായി.
നിഫ്റ്റി 26.25 പോയിന്റ് നഷ്ടത്തിൽ 23,482.15 പോയിന്റിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 5.39 പോയിന്റിന്റെ നേട്ടത്തിൽ 77,505.96 പോയിന്റിൽ വ്യാപാരം പൂർത്തിയാക്കി. 2023നുശേഷം ആദ്യമാണ് ബജറ്റ് ദിനത്തിൽ സെൻസെക്സ് നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്.
ഓഹരി വിപണിക്ക് ഇന്നലെ അവധിദിനമായിരുന്നെങ്കിലും ബജറ്റിനോടനുബന്ധിച്ച് കൂടുതൽ വാങ്ങലുകളും വിൽപ്പനകളും നടത്തുന്നതിനാണ് തുറന്നത്. എന്നാൽ റീട്ടെയ്ൽ നിക്ഷേപകർക്കും വിശാലമായ വിപണിക്കും ഗുണമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലാതെപോയതിനെത്തുർന്ന് കയറ്റിറക്കത്തിലാണ് വിപണി ക്ലോസ് ചെയ്തത്.
ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ കുതിച്ചുകയറിയ ഓഹരി വിപണി പിന്നീട് കൂപ്പുകുത്തി.