കൊച്ചി- ലണ്ടൻ വിമാന സർവീസ്: അനുകൂല നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി
Saturday, February 1, 2025 11:36 PM IST
കൊച്ചി: എയർ ഇന്ത്യയുടെ കൊച്ചി- ലണ്ടൻ വിമാന സർവീസ് തുടരുന്നതിനായി അനുകൂല നടപടികൾ സ്വീകരിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഉറപ്പു നൽകിയതായി ഹൈബി ഈഡൻ എംപി.
മാർച്ച് 30 മുതൽ സർവീസ് നിർത്തലാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു നൽകിയ കത്തിനുള്ള പ്രതികരണമായാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉയർന്ന പാസഞ്ചർ ലോഡ് ഘടകവും ഇന്ത്യയും യുകെയും തമ്മിലുള്ള ഒരു സുപ്രധാന കണക്ടിവിറ്റി ലിങ്ക് എന്നതും കണക്കിലെടുത്തു സർവീസ് തുടരണമെന്നു കത്തിൽ ആവശ്യപ്പെട്ടു.
സർവീസ് പ്രവാസി സമൂഹത്തിനും ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഉപകാരപ്രദമാണ്. കേരളത്തിൽ നിന്നുള്ള ധാരാളം നഴ്സുമാർ, അവരുടെ ജോലിസ്ഥലങ്ങൾക്കും വീടുകൾക്കും ഇടയിലുള്ള യാത്രയ്ക്കായി നേരിട്ടുള്ള ഈ വിമാനത്തെ ആശ്രയിക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.