കേരള സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് സിലിക്കണ്‍വാലി കമ്പനി
Friday, February 7, 2025 12:12 AM IST
കൊച്ചി: കേരള സ്റ്റാര്‍ട്ടപ് മിഷൻ കമ്പനിയായ ഇംപാക്ടീവിനെ ഏറ്റെടുത്ത് അമേരിക്കയിലെ സിലിക്കണ്‍വാലി ആസ്ഥാനമായ കസ്റ്റമര്‍ എക്സ്പീരിയന്‍സ് എന്‍ജിനിയറിംഗ് കമ്പനി ഇന്‍ഫോഗെയിൻ. ഇതിന്റെ ഭാഗമായി കൊച്ചിയിൽ പുതിയ ഓഫീസ് തുറന്നു. 2021ല്‍ ആരംഭിച്ച ഇംപാക്ടീവ് സിആര്‍എം മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
ഇന്‍ഫോഗെയിനിന്റെ നൂതന സാങ്കേതികവിദ്യാ വികസനത്തിന്റെ കേന്ദ്രമായിരിക്കും കൊച്ചിയിലേത്. നിര്‍മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് ടെക്നോളജി എന്നിവയില്‍ കൊച്ചിയിലുള്ള മികച്ച പ്രതിഭകളെ കന്പനി പ്രയോജനപ്പെടുത്തും.
അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷങ്ങളില്‍ 1000ലധികം തൊഴിലവസരമാണ് ഇന്‍ഫോഗെയിന്‍ വഴി കൊച്ചിയിലുണ്ടാകുന്നതെന്ന് കമ്പനിയുടെ സെയില്‍സ് ഫോഴ്സ് സ്റ്റുഡിയോ ഹെഡും ഇംപാക്ടീവ് സ്ഥാപകനുമായ ജോസഫ് കോര ചൂണ്ടിക്കാട്ടി.
ആരോഗ്യ സാങ്കേതികവിദ്യ, ഇൻഷ്വറന്‍സ്, ട്രാവല്‍, ടെലികോം, ചില്ലറ വ്യാപാരം, കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്സ് എന്നീ മേഖലകളിലെ ഉപഭോക്തൃ സേവന സാങ്കേതികവിദ്യയാണ് ഇന്‍ഫോഗെയിന്‍ കൈകാര്യം ചെയ്യുന്നത്.
ആഗോള റേറ്റിംഗ് ഏജന്‍സിയായ ഫോര്‍ച്യൂണ്‍ 500 കമ്പനികളുള്‍പ്പെടെ ഇന്‍ഫോഗെയിനിന്റെ ഉപഭോക്താക്കളാണ്. ക്ലൗഡ്, മൈക്രോസര്‍വീസസ്, ഓട്ടോമേഷന്‍, ഐഒടി, നിർമിത ബുദ്ധി എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. മൈക്രോസോഫ്റ്റ് അസൂര്‍, ഗൂഗിള്‍ ക്ലൗഡ്, ആമസോണ്‍ വെബ് സര്‍വീസ് എന്നീ ക്ലൗഡ് വിഭാഗങ്ങളിലും ഇവര്‍ വിദഗ്ധ സേവനം നല്‍കുന്നുണ്ട്.