നമസ്തേ വേൾഡ് ഓഫറിന് തുടക്കമിട്ട് എയർ ഇന്ത്യ
സ്വന്തം ലേഖകൻ
Monday, February 3, 2025 12:14 AM IST
കൊല്ലം: അവധിക്കാല ഡിമാൻഡ് വർധിപ്പിക്കുന്നതിന് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ നിരക്കിളവ് വാഗ്ദാനം ചെയ്ത് എയർ ഇന്ത്യ നമസ്തേ വേൾഡ് വിൽപ്പന ആരംഭിച്ചു. ഇന്നലെ മുതൽ ആരംഭിച്ച ബുക്കിംഗ് ഫെബ്രുവരി ആറുവരെ ലഭിക്കും.
ഫെബ്രുവരി 12-നും ഒക്ടോബർ 31-നും മധ്യേയുള്ള യാത്രകൾക്കാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. എയർ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ടിക്കറ്റ് വിൽപ്പന തുടങ്ങി കഴിഞ്ഞു.
എയർ ഇന്ത്യയുടെ ടിക്കറ്റിംഗ് ഓഫീസുകൾ, കസ്റ്റമർ കോൺടാക്ട് സെന്ററുകൾ, ട്രാവൽ ഏജൻസികൾ വഴിയുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. ഇക്കണോമി ക്ലാസ് - 1499 , പ്രീമിയം ഇക്കണോമി - 3749, ബിസിനസ് ക്ലാസ് -9999 രൂപ മുതലുമാണ് ആഭ്യന്തര റൂട്ടിലെ വൺവേ നിരക്കുകൾ. ഇക്കണോമി ക്ലാസ് -12577, പ്രീമിയം ഇക്കണോമി - 16213, ബിസിനസ് ക്ലാസ് -20870 രൂപ മുതലുമാണ് അന്താരാഷ്ട്ര റൂട്ടിലെ റിട്ടേൺ നിരക്കുകൾ.
ഇത് കൂടാതെ ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയവുടെ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറിന് കീഴിൽ സീറ്റുകൾ പരിമിതമാണെന്നും ആദ്യം വരുന്നവർക്ക് ആദ്യം എന്നതാണ് ടിക്കറ്റുകളുടെ ലഭ്യതയെന്നും നിരക്കുകൾ പ്രാദേശിക നികുതികൾക്ക് വിധേയമാണെന്നും എയർ ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.