സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 61,840 രൂപ
Friday, January 31, 2025 11:58 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണം കുതിപ്പ് തുടരുന്നു. ഇന്നലെ പവന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിൽ തൊട്ടിരിക്കുകയാണ്.
ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6,385 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണവില 2796 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.64 ആയി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 84.5 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര, ആഭ്യന്തര സംഭവവികാസങ്ങളാണു സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്.
ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് കൂടുതല്‍ ദുര്‍ബലമായി 86.64ലേക്ക് എത്തിയതും ഇന്നത്തെ ബജറ്റിനെക്കുറിച്ചുള്ള ആശങ്കകളും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. ആറു ശതമാനമായി കുറച്ച ഇറക്കുമതിച്ചുങ്കം രണ്ടു ശതമാനമായി കൂട്ടുമെന്നുള്ള ആശങ്കയും സ്വര്‍ണ വിലവര്‍ധനയ്ക്കു കാരണമായി.