വ്യവസായ പാർക്കുകളിൽ നിർമാണ യൂണിറ്റുകൾക്ക് സ്റ്റാന്പ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കും
Thursday, February 6, 2025 3:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള സ്റ്റാന്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും പൂർണമായി ഒഴിവാക്കും. 2023 ലെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായാണ് ഡ്യൂട്ടിയും ഫീസും ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.
സർക്കാർ വ്യവസായ പാർക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാർക്കുകളിലും നിർമാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനു ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിനും പാട്ടക്കരാറിൽ ഏർപ്പെടുന്നതിനും സ്റ്റാന്പ് ഇനത്തിലും രജിസ്ട്രേഷൻ ഫീസ് ഇനത്തിലും പൂർണമായ ഇളവു ലഭിക്കും. 22 മുൻഗണനാ മേഖലകളാണു വ്യവസായ നയത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവയ്ക്കായി 18 ഇനം ഇൻസെന്റീവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്റ്റാന്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസുകൾ പൂർണമായി ഒഴിവാക്കുന്ന നടപടി.