കേന്ദ്രബജറ്റ് സ്വാഗതാര്‍ഹം: സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്
Tuesday, February 4, 2025 12:35 AM IST
കൊച്ചി: കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറെ നിര്‍ണായകമായ ടൂറിസം, കൃഷി, ഫുഡ് പ്രോസസിംഗ്, ആരോഗ്യ പരിരക്ഷ, സൂക്ഷ്മ സംരംഭങ്ങള്‍ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്കിയ 2025-26ലെ കേന്ദ്രബജറ്റിനെ സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് അഭിനന്ദിച്ചു.
50 പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ വികസനം, ഇ-വീസ സൗകര്യങ്ങളിലെ വളര്‍ച്ച, ഹോംസ്റ്റേക്ക് മുദ്ര ലോണ്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കരുത്തേകും. സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലകളായ ഭക്ഷ്യസംസ്കരണം, സമുദ്രവിഭവ കയറ്റുമതി എന്നിവയ്ക്ക് ബജറ്റില്‍ പ്രാമുഖ്യം ലഭിച്ചു.
അഞ്ചു ലക്ഷം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാനുള്ള നീക്കം കാര്‍ഷികമേഖലയ്ക്കും ഗുണകരമാകും. ജീവൻരക്ഷാ ഔഷധങ്ങള്‍ക്ക് നികുതിയിളവ് നല്കിയതും ഹീല്‍ ഇന്‍ ഇന്ത്യ സംരംഭവും കേരളത്തിന് രാജ്യത്തെ മെഡിക്കല്‍ ടൂറിസം ഹബ് എന്ന നേട്ടം സ്വന്തമാക്കാന്‍ കൂടുതല്‍ സഹായകമാണ്.
12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിളവ് നല്കിയതും കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക ശക്തീകരണം വേഗത്തിലാക്കും.
സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്ന നയങ്ങളുമായെത്തിയ കേന്ദ്രബജറ്റ് കേരളത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ പ്രയോജനപ്രദമാണെന്നും സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് വ്യക്തമാക്കി.