അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം 24 മുതൽ
Wednesday, February 5, 2025 12:05 AM IST
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം (ഐഎസ്സി) 24 മുതൽ 27 വരെ ബംഗളൂരു ലീല ഭാരതീയ സിറ്റിയിൽ നടക്കും. ‘സുതാര്യത, സുസ്ഥിരത, ആത്മവിശ്വാസം’എന്ന പ്രമേയത്തിലാണു സമ്മേളനം.
ഭക്ഷ്യസുരക്ഷാ സംബന്ധമായ ആശങ്കകളും തെറ്റായ വിവരങ്ങളുടെ പ്രചാരണവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ, സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ സുസ്ഥിര ഭാവി എന്നിവയിലുള്ള ചർച്ചകൾ സമ്മേളനത്തിൽ നടക്കുമെന്ന് എഐഎസ്ഇഎഫ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ പറഞ്ഞു.
കോവാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒളിന്പ്യൻ അഭിനവ് ബിന്ദ്ര വിശിഷ്ടാതിഥിയാകും.
ആഗോള സുഗന്ധവ്യഞ്ജന വ്യവസായത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചുള്ള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സമ്മേളനത്തിൽ സമ്മാനിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9895146966.