അമൽജ്യോതി എൻജിനിയറിംഗ് കോളജും മധ്യ കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിക്കാൻ ധാരണ
Saturday, February 1, 2025 11:36 PM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജും കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മധ്യ കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി ധാരണപത്രം കൈമാറി. ഭക്ഷ്യ സംസ്കരണ രംഗത്ത് ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിവരുന്ന കോളജിലെ ഫുഡ് ടെക്നോളജി വിഭാഗവുമായാണ് ധാരണ.
കൃഷി, കാർഷിക വ്യവസായം, കാർഷികോത്പന്നങ്ങളുടെ മൂല്യ വർധന എന്നിവയിൽ ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് കമ്പനി ചെയ്തുവരുന്നത്.
എൻജിനിയറിംഗ് വിദ്യാർഥികൾക്ക് സ്മാർട്ട് അഗ്രികൾച്ചർ മേഖലയിൽ അറിവും പ്രായോഗിക പരിശീലനവും ഉറപ്പു വരുത്തുക, കാർഷിക ഉത്പന്നങ്ങളുടെ, പ്രത്യേകിച്ച് ചക്കയുടെ വിവിധങ്ങളായ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം, വിപണനം, കാർഷിക സ്റ്റാർട്ടപ്പ് രൂപീകരണം, നൂതന കാർഷിക രീതികൾ പരിശീലിക്കുക എന്നിവയാണ് ഈ ധാരണയിലൂടെ ലക്ഷ്യമാക്കുന്നത്.
കമ്പനി ചെയർമാൻ ജോർജ് കുളങ്ങരയും അമൽജ്യോതി കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബും പങ്കാളിത്ത പത്രിക കൈമാറി.