സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ന് ഇന്നു തുടക്കം
Saturday, January 25, 2025 2:17 AM IST
കൊച്ചി: ജെയിൻ സർവകലാശാല ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ന് ഇന്ന് തുടക്കമാകും. കാക്കനാട് കിൻഫ്ര കൺവൻഷൻ സെന്ററിൽ വൈകുന്നേരം ഏഴിനു മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
മന്ത്രി മുഹമ്മദ് റിയാസ്, ഹൈബി ഈഡൻ എംപി, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, പ്രോ-വൈസ് ചാൻസലർ ഡോ. ജെ. ലത, ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടെ രൂപകല്പന ചെയ്ത സമ്മിറ്റിൽ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും ചർച്ച ചെയ്യും. ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റിൽ, വിദ്യാർഥികൾ, ഗവേഷകർ, വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ ഉൾപ്പെടെ ലക്ഷത്തിലധികം പേർ പങ്കെടുക്കും.
ഏഴ് ദിവസങ്ങളിലായി വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, റോബോട്ടിക് എക്സ്പോ, ആർട്ടിഫിഷൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെയും, ടെസ്ല മോഡൽ എക്സ്, ഐഎസ്ആർഒയുടെ ‘സ്പേസ് ഓൺ വീൽ’ എന്നിവയുടെയും പ്രദർശനം, ഫാഷൻ ഷോ, റോബോ സോക്കർ, റോബോ വാർ, വിവിധ ബാൻഡുകളുടെ സംഗീത സന്ധ്യ എന്നിവയും ഉച്ചകോടിയുടെ ഭാഗമായുണ്ട്.
ഗവർണർമാർ, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ധർ തുടങ്ങിയ പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും.
എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ സാംസ്കാരിക പരിപാടികൾ. പൊതുജനങ്ങൾക്കും ഉച്ചകോടിയിൽ പ്രവേശനമുണ്ട്. പ്രവേശന ഫീസ് 50 രൂപ മുതലാണ്. സ്കൂൾ വിദ്യാർഥികൾക്ക് സംഗീത നിശ ഒഴികെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്.