യൂക്കോ ബാങ്കിന് 639 കോടി രൂപ അറ്റാദായം
Thursday, January 23, 2025 12:35 AM IST
കൊച്ചി: യൂക്കോ ബാങ്ക് 2024-25 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 639 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 2024 ഡിസംബര്‍ 31ന് ബാങ്കിന്റെ പ്രവര്‍ത്തനലാഭം 1586 കോടി രൂപയായി.
ബാങ്കിന്റെ ആകെ ബിസിനസ് 2024 ഡിസംബര്‍ 31 വരെ 12.28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 4,88,911 കോടി രൂപയിലെത്തി.
ബാങ്കിന്റെ ആകെ നിഷ്ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 0.98 ശതമാനത്തില്‍ നിന്ന് 0.83 ശതമാനമായി കുറഞ്ഞു. അറ്റ പലിശവരുമാനം, പലിശേതര വരുമാനം എന്നിവയിലുണ്ടായ ഗണ്യമായ വര്‍ധനയാണ് അറ്റാദായം ഉയരാന്‍ കാരണമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ അഷ്വനി കുമാര്‍ അറിയിച്ചു.
2024-25 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ബാങ്ക് ഓരോ മേഖലയിലും മികച്ച വളര്‍ച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.