മാരുതിയുടെ ‘ഇ' അഴക്
Saturday, January 25, 2025 2:17 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
കാത്തിരുപ്പുകള്‍ക്കൊടുവില്‍ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ‘ഇ വിറ്റാര' പുറത്തിറക്കി.
ഭാരത് മൊബിലിറ്റി ഷോയുടെ ഭാഗമായി ന്യൂഡല്‍ഹില്‍ നടന്ന ഓട്ടോ എക്സ്പോയിലാണ് മോഡലിന്റെ അനാച്ഛാദന ചടങ്ങ് നടന്നത്. 49 കിലോവാട്ട്, 61 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള ഇ വിറ്റാരയുടെ മൈലേജ് ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററാണ്. മാരുതി സുസുക്കി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഉറപ്പാക്കുന്നതിനായി സ്മാര്‍ട്ട് ഹോം ചാര്‍ജറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ മികച്ച 100 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗ ചാര്‍ജിംഗിന് സൗകര്യമൊരുക്കും. ഈ നഗരങ്ങളില്‍ ഓരോ അഞ്ചു മുതല്‍ പത്തു കിലോമീറ്ററിലും ഉപഭോക്താവിന് ചാര്‍ജിംഗ് പോയിന്റ് ലഭ്യമാക്കും.
എംജി ഇസഡ്എസ് ഇവി, ടാറ്റാ കര്‍വ് ഇവി, ഹ്യുണ്ടായ് ക്രെറ്റ ഇവി എന്നിവരാണ് ഇ വിറ്റാരയുടെ എതിരാളികള്‍. മാര്‍ച്ചോടെ ഇ വിറ്റാര വിപണിയിലെത്തും. വിലകള്‍ ഉടന്‍ പ്രഖ്യാപിക്കും. 17 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ പ്രതീക്ഷിക്കാം. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുന്നത്. നൂറോളം രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യും.
ബാറ്ററി പാക്ക്
49 കിലോവാട്ട്, 61 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ വിത്താരയെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 49 കിലോവാട്ട് ഓപ്ഷനില്‍ 144 ബിഎച്ച്പി കരുത്തും പരമാവധി 192 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടോറാണുള്ളത്. 61 കിലോവാട്ട് ബാറ്ററി ഓപ്ഷനിലെ മോട്ടോര്‍ 174 എച്ച്പി കരുത്തും 192.5 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ആദ്യ ബാറ്ററിയില്‍ 2വീല്‍ ഡ്രൈവ് മാത്രമെങ്കില്‍ രണ്ടാമത്തെ ബാറ്ററി ഓപ്ഷനില്‍ 2 വീല്‍/ ഓള് വീല്‍ ഡ്രൈവ് ഓപ്ഷനുകളുമുണ്ടാകും.
സുരക്ഷയും സവിശേഷതയും
സുരക്ഷയുടെ കാര്യത്തില്‍ ഏഴ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ നല്‍കിയിട്ടുണ്ട്. കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സ്യൂട്ടും ഇതിലുണ്ട്.
പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 10 വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയും ലഭിക്കുന്നു. 2 സ്പോക്ക് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, 10.25 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ, 10.09 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി കളര്‍ ലൈറ്റിംഗ് ഉള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള ടു ടോണ്‍ ബ്ലാക്ക് ആന്‍ഡ് ടാന്‍ കാബിന് തീംമാണുള്ളത്.
ഡാഷ്ബോര്‍ഡിനെ മൂന്ന് ലെയറുകളായി തിരിച്ചിരിക്കുന്നു. ഏറ്റവും മുകളില്‍ ഇരട്ട ഡിസ്പ്ലേകളും മധ്യ ലെയറില്‍ എസി കണ്ട്രോള് ബട്ടണുകളുള്ള ടാന്‍ പാനലും എസി വെന്റുകള്‍ക്കിടയില്‍ സ്പാനുകളും ഉണ്ട്. താഴെയുള്ള ലെയറില്‍ കറുപ്പ് നിറത്തില്‍ ഒരു ഗ്ലോവ്ബോക്സും ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്കും ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകളും സവിശേഷതയാണ്.
എല്‍ഇഡി അഴക്
വൈ ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളോട് കൂടിയ 3 പോയിന്റ് മാട്രിക്സ് എല്‍ഇഡി ഡിആര്‍എല്ലുകളാണ് മാരുതി ഇ വിറ്റാരയുടെ അഴക്. ലോവര്‍ ബംമ്പറില്‍ രണ്ട് ഫോഗ് ലാമ്പുകള്‍, ADAS സാങ്കേതികവിദ്യയ്ക്കായി റഡാര്‍ സെന്‍സര്‍, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകള്‍ എന്നിവ ഇ വിറ്റാരയെ മനോഹരമാക്കുന്നു. മാരുതി സ്വിഫ്റ്റിന് സമാനമായി പിന്‍വശത്തെ ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറുമായി സംയോജിപ്പിച്ചിരിക്കുന്നു. പിന്‍ഭാഗത്ത് ത്രീ പീസ് ലൈറ്റിംഗ് ഘടകങ്ങളുമായി 3 പോയിന്റ് മാട്രിക്സ് എല്‍ഇഡി റിയര്‍ ലാമ്പുകളെ ബന്ധിപ്പിച്ചിരിക്കുന്നു. 4,275എംഎം നീളവും 1,800എംഎം വീതിയും 1,635എംഎം ഉയരവുമുള്ള ഇ വിറ്റാരയുടെ വീല്‍ ബേസ് 2,700എംഎം ആണ്. 180 എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്.
കളര്‍ ഓപ്ഷനുകള്‍
നെക്സ ബ്ലൂ, ഗ്രാന്‍ഡിയര്‍ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഒപ്പുലന്റ് റെഡ്, ബ്ലൂഷ് ബ്ലാക്ക് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഇ വിറ്റാര ലഭിക്കുക.